കാടുകുറ്റി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്; നിർമാണം അവതാളത്തിൽ
text_fieldsചാലക്കുടി: കാടുകുറ്റി ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് നിർമാണം അവതാളത്തിൽ. പഞ്ചായത്ത് മുൻകൈയെടുത്ത് എം.എൽ.എ ഫണ്ടിൽനിന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പദ്ധതിയിട്ടത്. മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ കാലത്താണ് അനുമതി ലഭിച്ചത്.
ബസ് സ്റ്റാൻഡിലെ പരിമിത സ്ഥലത്തെ കെട്ടിട നിർമാണം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് വിവാദത്തിലാവുകയായിരുന്നു. ഇതോടെ കരാറുകാരൻ പണി നിർത്തി. ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചാൽ ബസുകൾ ശരിയായി നിർത്താനോ തിരിക്കാനോ യാത്രക്കാർക്ക് സുരക്ഷിതമായി കയറാനോ കഴിയില്ലെന്നതാണ് പ്രധാന പരാതി.
അതേസമയം, പടിഞ്ഞാറ് ഭാഗത്ത് കെട്ടിടം നിർമിച്ചാൽ അത്രയേറെ അസൗകര്യം ഉണ്ടാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് അധികൃതർ ചെവികൊണ്ടില്ല. ബസ് സ്റ്റാൻഡ് യാർഡ് കുത്തിപ്പൊളിച്ചും അഴുക്കുചാൽ സ്ലാബുകൾ പൊളിച്ചും പഞ്ചായത്ത് പണി തുടങ്ങിയതോടെ ജനം ശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു.
കെട്ടിടം നിർമിക്കുമ്പോൾ പാർക്കിങ് സ്ഥലം വേണമെന്ന പ്രാഥമിക നിയമം പോലും കാറ്റിൽ പറത്തിയതാണ് ജനരോഷത്തിന് കാരണമായത്. എതിർപ്പ് ശക്തമായതോടെ കരാറുകാരൻ പണി നിർത്തുകയായിരുന്നു.
കരാറുകാരനുമായുള്ള ആശയക്കുഴപ്പം മൂലമാണ് നിർമാണം നിലച്ചതെന്നും ഉടൻ പുനരാരംഭിക്കുമെന്നു കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബസ് സ്റ്റാൻഡിന് മുൻഭാഗത്തെ കെട്ടിടങ്ങൾ കാലഹരണപ്പെട്ടതിനാൽ പൊളിച്ചുനീക്കുമെന്നും അപ്പോൾ സ്ഥലപരിമിതി ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.