‘കറുത്ത ആഗസ്റ്റി’നെ ഭയന്ന് കോട്ടാറ്റ് പച്ചക്കറി കർഷകർ
text_fieldsചാലക്കുടി: കുറച്ചുവർഷങ്ങളായി ആഗസ്റ്റിൽ നേരംതെറ്റി എത്തുന്ന അതിവൃഷ്ടിയെയും വെള്ളക്കെട്ടിനെയും ഭയന്ന് കോട്ടാറ്റ് പച്ചക്കറി ഗ്രാമം ഈ സീസണിലെ കൃഷി ഒഴിവാക്കുന്നു. കൃഷിയിടത്തിലെ പച്ചക്കറികളെല്ലാം പറിച്ചെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ കർഷകർ.
ആഗസ്റ്റ് കഴിഞ്ഞ് മതി വിതയ്ക്കലും നടലും എന്ന തീരുമാനത്തിലാണിവർ. കൃഷിയിടത്തിലെ ഏക്കറുകളോളം കപ്പയും ചേനയുമാണ് കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാൻ ഇപ്പോൾ പറിച്ചുനീക്കുന്നത്. ഇവ രണ്ടും വെള്ളക്കെട്ട് വന്നാൽ നശിക്കും. ഒറ്റദിവസത്തെ വെള്ളക്കെട്ട് മതി കപ്പ ചീഞ്ഞ് പോകാൻ. ചേന ഇങ്ങനെ നശിക്കില്ലെങ്കിലും കറുത്തിരുണ്ട് പോകും. ഇതിന് മാർക്കറ്റിൽ ഡിമാൻഡ് കുറവാണ്. കപ്പയുടെ കാര്യത്തിൽ വൻ നഷ്ടമാണ് സംഭവിക്കാറുള്ളത്. മൊത്ത വിലയായ കിലോക്ക് ഒമ്പത് രൂപയ്ക്കാണ് വിറ്റഴിച്ചത്. എന്നാൽ, ചേന 40-45 രൂപ കിലോക്ക് ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് നല്ല കാലമാണ്. പറിച്ചെടുക്കുന്ന കാർഷിക വിളകൾക്ക് ഓണത്തോടനുബന്ധിച്ച് മികച്ച വില ലഭിക്കും.
കൃഷി ആരംഭിക്കാനും ശുഭകരമായ കാലാവസ്ഥയായിരുന്നു. പണ്ടൊക്കെ കോട്ടാറ്റിലെ കർഷകരും ഇതൊരു ഭാഗ്യകാലമായാണ് കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഓണം വരെ കാത്തിരിക്കാൻ ഇവർക്ക് ധൈര്യമില്ല. 2018 മുതൽ കഴിഞ്ഞ അഞ്ചുവർഷവും അതിവൃഷ്ടിയുടെ ഫലമായി കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് വന്നത് ഇവിടത്തെ കർഷകരുടെ നടുവൊടിച്ചിരിക്കുകയാണ്.
കൃഷിനാശത്തിന് കാര്യമായ ഒരു സഹായവും ഇവർക്ക് ലഭിക്കാറില്ല. അതിനാൽ പലരും പാരമ്പര്യമായി നടത്തിവന്ന കൃഷി തന്നെ കൈവിട്ടു.
കോട്ടാറ്റ് സംസ്ഥാനത്തെ എ ഗ്രേഡ് പച്ചക്കറി ഗ്രാമമായിരുന്നു. കപ്പ, ചേന എന്നിവക്ക് പുറമേ വെണ്ട, തക്കാളി, പടവലം, നേന്ത്രക്കായ, കയ്പ്പയ്ക്ക, വഴുതന തുടങ്ങിയവ ലോഡ് കണക്കിന് അയൽജില്ലകളിലേക്ക് വരെ ഇവിടെ നിന്ന് കൊണ്ടുപോയിരുന്നു.
കൃഷിയിടങ്ങളിലെ കളിമണ്ണ് കോരിയെടുത്ത് ദുരിതക്കയമാക്കുന്ന കളിമൺ മാഫിയകളോട് പോരടിച്ചാണ് ഇവർ കൃഷി സംരക്ഷിച്ചത്. എന്നാൽ, കാലാവസ്ഥ മാറ്റത്തിനുമുന്നിൽ ഇവർ പരാജയത്തിന്റെ കയ്പ്നീർ കുടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.