പ്ലാനറ്റേറിയം കെട്ടിടത്തിന്റെ ചോർച്ച; ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ പരിശോധന ഉടൻ
text_fieldsചാലക്കുടി: മേഖല ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിന്റെ നിർമാണം സംബന്ധിച്ച് ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ പരിശോധന എത്രയും വേഗം നടത്താനും അതിനുശേഷം സാങ്കേതിക സമിതിയുടെ നിർദേശപ്രകാരം ചോർച്ച തടയാൻ നടപടിയെടുക്കാനും തീരുമാനിച്ചു.
ശാസ്ത്ര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗമാണ് തീരുമാനമെടുത്തത്. കെട്ടിടത്തിന്‍റെ മുകൾഭാഗത്തെ അടർന്നുമാറിയ സിമന്റ് പ്ലാസ്റ്ററിങ് നീക്കം ചെയ്ത ശേഷം പ്രത്യേക രീതിയിലുള്ള ബൈൻഡിങ് മിശ്രിതം ചേർത്ത് പ്രതലം മിനുസപ്പെടുത്താനും അതിനു മുകളിൽ നാലു മില്ലിമീറ്റർ കനത്തിലുള്ള പാളി മകുടത്തിന്റെ പ്രതലത്തോട് ചേർത്ത് ഒട്ടിച്ച് ഒരു പാളി കൂടി പിടിപ്പിക്കാനും മകുടത്തിന്റെ ആകൃതിക്ക് മാറ്റം വരാതെ ചോർച്ച പരിഹരിക്കാനുമാണ് തീരുമാനം.
ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും 2022 മേയ് മാസത്തിൽ പ്ലാനറ്റേറിയം പ്രവർത്തന സജ്ജമാക്കാനും ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറെ ചുമതലപ്പെടുത്തുകയും പ്ലാനറ്റേറിയം കെട്ടിടത്തിന്റെ നിർമാണ ബില്ല് പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം മാത്രം തീർപ്പാക്കാനും തീരുമാനമായതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എസ്.ആർ. സന്തോഷ് കുമാർ, സാങ്കേതിക സമിതി ചെയർപേഴ്സൻ ബേബി ജോൺസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ജി.പി. പത്മകുമാർ, നിർമാണ ചുമതലയുള്ള ഹാബിറ്റാറ്റ് ടെക്നോളജി ചെയർമാൻ ജി. ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.