ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ
text_fieldsചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും.
വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് (വന്ധ്യംകരണം നടത്താത്ത എല്ലാ നായ്ക്കൾക്കും) 1000 രൂപയും ഉടമ അടക്കണം.
ലൈസൻസിന് വരുമ്പോൾ ഉടമയുടെ ആധാർ കോപ്പിയും വാക്സിനേഷൻ ചെയ്ത നായാണെങ്കിൽ അതിന്‍റെ സർട്ടിഫിക്കറ്റും ഹാജരാക്കണം. സ്പോട്ടിൽ ലൈസൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടമായാണ് 16ന് വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
16ന് രാവിലെ ഒമ്പതിന് ഒന്ന്, രണ്ട്, മൂന്ന്, 36 വാർഡുകൾ: പോട്ട മിനി മാർക്കറ്റ് പരിസരം. ഒമ്പത് മുതൽ 11 വരെ 24, 25, 26, 29 വാർഡുകൾ: ഐ.ആർ.എം.എൽ.പി സ്കൂൾ പരിസരം. 11 മുതൽ 27, 28 വാർഡുകൾ: കോട്ടാറ്റ് വയോജന കേന്ദ്രം പരിസരം, ഉച്ചക്ക് രണ്ട് മുതൽ 16, 17, 18, 19 വാർഡുകൾ: കുന്നിശ്ശേരി രാമൻ സ്മാരക കലാകേന്ദ്രം പരിസരം. മൂന്ന് മുതൽ 32, 33, 34, 35 വാർഡുകൾ: വി.ആർ. പുരം കമ്യൂണിറ്റി ഹാൾ പരിസരം.
നഗരസഭയുടെ ലൈസൻസ് എടുക്കാതെ നായ്ക്കളെ വീടുകളിൽ വളർത്തുന്നവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ എബി ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.