ചാലക്കുടിയിൽ പോരാട്ടം കനക്കും
text_fieldsതൃശൂർ: ഇടതുപക്ഷത്തേക്ക് ചായാൻ മടിയില്ലാത്ത വലതു മനസുള്ള മണ്ഡലം. ചാലക്കുടി ലോക്സഭ മണ്ഡലത്തെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 2008ൽ മണ്ഡലം പുനഃസംഘടനയിൽ നിലവിൽ വന്ന ചാലക്കുടി അതിന് മുമ്പ് നിലിവിലുണ്ടായിരുന്ന മുകുന്ദപുരം മണ്ഡലത്തിന്റെ പാരമ്പര്യത്തിൽനിന്ന് എറെയൊന്നും മാറിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ഇക്കുറിയും സ്ഥാനാർഥികളുടെ പുറത്തുവരുന്ന പേരുകൾ കടുത്ത പോരാട്ടത്തിനാവും മണ്ഡലം സാക്ഷ്യ വഹിക്കുകയെന്ന സൂചനയാണ് നൽകുന്നത്.
ആദ്യ സ്ഥാനാർഥിയുമായി എൽ.ഡി.എഫ്
സ്ഥാനാർഥിയെ ഒദ്യോഗികമായി പ്രഖ്യാപിച്ച് ആദ്യഘട്ട മുൻതൂക്കം ഉറപ്പിക്കുകയാണ് എൽ.ഡി.എഫ്. സി.പി.എമ്മിലെ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഇടതുമുന്നണിക്കായി രംഗത്തിറങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സിറ്റിങ് എം.പിയായ ബെന്നി ബെഹനാൻ തന്നെയായാവും യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുക. ബി.ജെ.പിയിൽ പല പേരുകളും പരിഗണനയിലുണ്ട്. ബി. ഗോപാലകൃഷ്ണൻ, മേജർ രവി എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. പുതുതായി മത്സര രംഗത്ത് എത്തിയിട്ടുള്ള ഒരു പാർട്ടി കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്വന്റി 20യാണ്. ചാലക്കുടിയിൽ നീലീശ്വരം സ്വദേശിയായ ചാർല പോളിനെയാണ് സ്ഥാനാർഥി. മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും മോട്ടിവേഷണൽ സ്പീക്കറുമാണ്.
വോട്ട് വിഹിതം ഉയർത്തി ബി.ജെ.പി
2009ൽ കോൺഗ്രസിന് 50.33 ശതമാനവും എൽ.ഡി.എഫിന് 41.29 ശതമാനവും ബി.ജെ.പിക്ക് 5.72 ശതമാനവുമായിരുന്നു വോട്ട് വിഹിതം.2014ൽ കോൺഗ്രസിന് 38.93 ശതമാനവും എൽ.ഡി.എഫിന് 40.50 ശതമാനവും ബി.ജെ.പിക്ക് 10.49 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. 2019ൽ കോൺഗ്രസ് 47.8, എൽ.ഡി.എഫ് 34.45, ബി.ജെ.പി 15.56 ശതമാനവുമായിരുന്നു വോട്ട് വിഹിതം.
മുകുന്ദപുരവും ഇടതിനെ തുണച്ചു
വലതുപക്ഷത്തിന്റെ കോട്ടയായി വിശേഷിപ്പിക്കുമ്പോഴും മുകുന്ദപുരവും രണ്ടുതവണയാണ് ഇടതുമുന്നണിയെ തുണച്ചത്. 1980ലും 2004ലുമാണ് ഇടത് ജനപ്രതിനിധികൾ വലത് മുനണിയെ ഞെട്ടിച്ചത്. 1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പനമ്പള്ളി ഗോവിന്ദ മേനോനായിരുന്നു വിജയം.
1962ലും 67ലും വിജയം ആവർത്തിച്ചു. 1970ൽ പനമ്പള്ളിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.സി. ജോർജ് വിജയിച്ചു. 1971ലും 77ലും ജോർജ് വിജയം ആവർത്തിച്ചു. 1980ലാണ് ആദ്യമായി മണ്ഡലം കോൺഗ്രസിനെ കൈവിട്ടത്. സി.പി.എമ്മിലെ ഇ. ബാലാനന്ദനാണ് അന്ന് വിജയിച്ചത്. 1984ൽ ഐക്യമുന്നണി സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് (ജെ) സ്ഥാനാർഥിയായി മത്സരിച്ച കെ. മോഹൻദാസ് വിജയിച്ചു. 1989ലും 91ലും കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ, 96ൽ പി.സി. ചാക്കോ, 98ൽ എ.സി. ജോസ്, 99ൽ കെ. കരുണാകരൻ എന്നിവരും വിജയിച്ചു. എന്നാൽ 2004ൽ മണ്ഡലം യു.ഡി.എഫിനെ കൈവിട്ടു. സി.പി.എമ്മിലെ ലോനപ്പൻ നമ്പാടൻ കോൺഗ്രസിലെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം ഇടതിന് അനുകൂലമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.