ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം
text_fieldsചാലക്കുടി: ദേശീയപാതയിലൂടെ ചാലക്കുടി വഴി പോകുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം.
ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ.എസ് -2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ബസുകൾ നിർബന്ധമായും ചാലക്കുടി മേൽപ്പാലത്തിന് താഴെ എത്തി യാത്രക്കാരെ ഇറക്കി സർവിസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്നാണ് നിർദേശം.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
ചാലക്കുടി കെ.എസ്.ആർ. ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ എം.എൽ.എ ഇക്കാര്യം ഉന്നയിച്ചിരുന്നു.
പരിഷ്കാരങ്ങൾ അപ്പോൾ തന്നെ ബന്ധപ്പെട്ട ഡിപ്പോകൾക്ക് നൽകാൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിന് എൻ.ഒ.സി നൽകാനും യോഗം നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷറഫ് മുഹമ്മദ്, ജി.പി. പ്രദീപ്കുമാർ, സിവിൽ എൻജിനീയർ ലേഖ ഗോപാലൻ, ചാലക്കുടി എ.ടി.ഒ കെ.ജെ. സുനിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.