ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഡ്രൈവർ പിടിയിൽ
text_fieldsചാലക്കുടി: കോടതി ജങ്ഷനടുത്ത് അപകടമുണ്ടാക്കി നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ ഒരു മാസത്തിനുശേഷം പിടിയിലായി. തമിഴ്നാട് ഉദുമൽപേട്ടൈ കൊടിഞ്ഞിയം ജെ.എൻ. പാളയം സ്വദേശി ആയാദുരൈ (23) ആണ് പിടിയിലായത്.
ഇയാളുടെ ഉടമസ്ഥതയിലെ ടി.എൻ 78 എ.വൈ 4479 രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. ആലുവയിൽനിന്ന് നാല് ബൈക്കിലായി തമിഴ്നാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോയവരുടെ വണ്ടിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.
പുലർച്ചെ ആയതിനാലും ദൃക്സാക്ഷികൾ ഇല്ലാത്തതിനാലും ഇടിച്ച വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചില്ല. അപകട സ്ഥലത്തുനിന്ന് ലഭിച്ച, ഇടിച്ച വാഹനത്തിന്റേതെന്ന് കരുതുന്ന ഹെഡ് ലൈറ്റിന്റെ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ഐഷർ ലോറിയാണെന്ന് കണ്ടെത്തി.
തുടർന്ന്, അന്ന് അതേസമയം ദേശീയ പാതയിലൂടെ കടന്നുപോയ ഐഷർ ലോറികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സംസ്ഥാനത്തിനകത്തും പുറത്തുമായി 48 വാഹനങ്ങൾ രഹസ്യമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ പിടിയിലായ വാഹനം പഴനിക്കടുത്ത് വർക് ഷോപിലുണ്ടെന്ന് വിവരം ലഭിച്ചു.
ഡ്രൈവറെ പൊള്ളാച്ചിക്കടുത്ത് അമ്പ്രാംപാളയത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ചാലക്കുടിയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ആഴ്ച തോറും കാലടിയിലേക്കും ആലുവയിലേക്കും തേങ്ങയുമായി വരാറുണ്ടെന്നും സംഭവ ദിവസം നിർത്താതെ പോയത് ആളുകൾ മർദിക്കുമെന്ന് ഭയന്നിട്ടാണെന്നും ആയാദുരൈ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, അഡീഷനൽ എസ്.ഐ ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ സതീഷ് എം. നായർ, സീനിയർ സി.പി.ഒമാരായ ടി.സി. ജിബി, അലി എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.