ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് കാഴ്ചവസ്തു
text_fieldsചാലക്കുടി: എട്ടുമാസം പിന്നിട്ടിട്ടും ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനായില്ലെന്ന് പരാതി.ശുചിമുറി മാലിന്യം സംസ്കരിക്കുന്ന ആധുനിക സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ നഗരസഭയാണ് ചാലക്കുടി. ഇവിടെയാണ് ഈ ദുരവസ്ഥ.
വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് ശുചിമുറി മാലിന്യം ശേഖരിച്ച് സ്ലെറിക്ക് പകരം ബ്രിക്ക് രൂപത്തിലാക്കി സംസ്കരിക്കാൻ സാധിക്കുന്ന സംവിധാനമാണെന്ന് അവകാശപ്പെട്ട് വാങ്ങിയ യൂനിറ്റ് ഇതുവരെ പറഞ്ഞ രൂപത്തിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. 50 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ഈ സംവിധാനം പ്രയോജനപ്പെടാതെ കിടക്കുകയാണ്. ഇത് വിതരണം ചെയ്ത കമ്പനിയുമായി കരാർ തയാറാക്കാനോ കൃത്യമായ രീതിയിൽ പ്രവർത്തിപ്പിക്കാനോ ഭരണനേതൃത്വം തയാറാകണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാരും സ്വതന്ത്ര കൗൺസിലർമാരും ആവശ്യപ്പെട്ടു.
മറ്റുപല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പരസ്യ പ്രചരണത്തിന് കൊണ്ടുപോകുന്നതൊഴിച്ചാൽ മറ്റു ദിവസങ്ങളിൽ ഇത് കലാഭവൻ മണി പാർക്കിൽ കാഴ്ച വസ്തുവായി കിടക്കുകയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ് പറഞ്ഞു. കൗൺസിലർമാരായ ബിജി സദാനന്ദന്, വി.ജെ. ജോജി, കെ.എസ്. സുനോജ്, ഷൈജ സുനിൽ, ബിന്ദു ശശികുമാര്‍, ലില്ലി ജോസ്, ടി.ഡി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.