വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയുടെ തീവ്ര ശ്രമം
text_fieldsചാലക്കുടി: സൗത്ത് ജങ്ഷനിലെയും ഹൗസിങ് ബോർഡ് കോളനിയിലെയും മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭയുടെ പരിശ്രമം തുടരുന്നു. കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിലൂടെ പള്ളി തോട്ടിലേക്ക് എത്തിച്ചേരുന്ന തോട്ടിലെ തടസ്സങ്ങൾ നീക്കിയുള്ള ശുചീകരണമാണ് നഗരസഭ നടത്തിക്കൊണ്ടിരിക്കുന്നത്.
കെട്ടുകൾ ഇടിഞ്ഞും മരങ്ങൾ വളർന്നും വെള്ളം ഒഴുകി പോകാത്ത അവസ്ഥയിലായിരുന്ന തോട് മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് താഴ്ത്തി തടസ്സങ്ങൾ നീക്കം ചെയ്യുകയാണ്. കെ.എസ്.ആർ.ടി.സി വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് കരുതുന്നത്. കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിന് താഴെ പള്ളിത്തോട് വരെയുള്ള ഭാഗം നഗരസഭ നേരത്തേ ശുചീകരിച്ചിരുന്നു. യന്ത്രമിറക്കി ശുചീകരണം നടത്താൻ സാധിക്കാതിരുന്ന
ഇടിക്കൂട് തോട്, കുട്ടാടംപാടം തോട്, അട്ടാത്തോട് ആര്യങ്കാല തോട്, എന്നിവിടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നത്. പറയൻ തോട്ടിലെ ദേശീയപാത മുതൽ റെയിൽവേ ലൈൻ വരെയുള്ള ഭാഗത്തെ ശുചീകരണം ജങ്കാറും മണ്ണുമന്തി യന്ത്രം ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാവുന്നു.
കാരക്കുളത്തു നാട് ഭാഗത്തെ പറയൻ തോട് ശുചീകരണം തുടരും. ഒന്നാം വാർഡിൽ ദേശീയപാതയോട് ചേർന്നും സിത്താര നഗറിലും മോനപ്പിള്ളി റോഡിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തിയാക്കിയിട്ടുള്ളതായി നഗരസഭ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.