ദേശീയപാത വികസനം: ഭൂമിയുടെ രേഖകൾക്ക് ഇരകൾ നെട്ടോട്ടത്തിൽ
text_fieldsചാവക്കാട്: ദേശീയപാത വികസനത്തിനായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ കാണം ജന്മമാക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമെടുക്കുന്നത് ദുരിതമാകുന്നു. കുന്നംകുളം ലാൻഡ് ട്രൈബ്യൂണലിൽനിന്ന് കാണം ഭൂമിയുടെ സ്വഭാവം മാറ്റുന്നതിന് നൽകി ഹിയറിങ് കഴിഞ്ഞവർക്കാണ് ക്രയസർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടു മാസം കാത്തിരിക്കേണ്ടി വരുന്നത്.
ദേശീയപാത വികസനത്തിെൻറ പേരിൽ നിരന്തരമായ പ്രയാസങ്ങളാണ് ഭൂമിയും ഭവനവും നഷ്ടപ്പെടുന്നവർക്കുള്ളത്. വില്ലേജിലും ലാൻഡ് ട്രൈബ്യൂണലിലും ദിവസങ്ങൾ കയറിയിട്ടും ഇരകൾക്ക് ആവശ്യമായ രേഖകൾ മുഴുവനും ലഭ്യമാവുന്നില്ലെന്നാണ് ആക്ഷേപം. സാമ്പത്തിക നഷ്ടവും സമയനഷ്ടവും പല കുടുംബങ്ങളെയും മാനസികവും ശാരീരികവുമായി തളർത്തുന്നതായും പറയുന്നുണ്ട്.
ജനപ്രതിനിധികളും മന്ത്രിമാരും സർക്കാർ നടപടിക്രമം ലളിതമാക്കുമെന്ന് അടിക്കടി പറയുമ്പോഴും നടപടിക്രമങ്ങൾ മുഴുവനാക്കുക എന്നത് തങ്ങളുടെ ചുമതലയാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഈ വിഷയത്തിൽ സർക്കാർ സമീപനം ഉദാരമാക്കണമെന്ന് പ്രവാസി ആക്ഷൻ സംസ്ഥാന ചെയർമാൻ കെ.കെ. ഹംസക്കുട്ടി ആവശ്യപ്പെട്ടു. വർഷങ്ങളോളം താമസിച്ച ഭൂമിയും വീടും ഇതുവരെയും ക്രയവിക്രയം നടത്തുന്നതിനോ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണമിടപാട് നടത്തുന്നതിനോ ഒരു പ്രയാസവും നേരിട്ടിരുന്നില്ല.
എന്നാൽ, സർക്കാർ തന്നെ ദേശീയപാത വികസനത്തിെൻറ പേരിൽ ഇപ്പോൾ സ്ഥലം ഏറ്റെടുക്കുമ്പോൾ മാത്രം കാണിക്കുന്ന ഈ നടപടിക്രമം വിരോധാഭാസമാണ്. ഭൂമിയുടെ സ്വഭാവമാറ്റ നടപടി അസാധുവാക്കി ജനങ്ങളുടെ മാനസിക സംഘർഷം കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലമെടുപ്പ് നിർത്തിവെച്ചതിൽ ജനങ്ങളുടെ ആശങ്കയകറ്റണം'
കൊടുങ്ങല്ലൂർ: ദേശീയപാത 66 ഇടപ്പള്ളി- കുറ്റിപ്പുറം നാലുവരിയാക്കാൻ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലെത്തിയ സന്ദർഭത്തിൽ, കൊടുങ്ങല്ലൂർ ചന്തപ്പുര വടക്കുഭാഗത്ത് സ്ഥലമെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചതിൽ ബന്ധപ്പെട്ടവർ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
അലൈൻമെൻറിൽ മാറ്റം വരുത്തിയ ശേഷം താമസിയാതെ നിർമാണം ആരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനായി ഓഫിസും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. എന്നാൽ, ഈ ഭാഗത്തെ മരവിപ്പിക്കൽ നടപടി നിർമാണ ജോലികൾ നീണ്ടുപോകാൻ ഇടയാക്കരുതെന്നും ചന്തപ്പുരയിൽ എറിയാട് റോഡ് ആരംഭിക്കുന്ന ഭാഗത്ത് എലിവേറ്റഡ് പാത നിർമിക്കാനുള്ള നിർദേശം പ്ലാനിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. എൻ.എം. വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, അഡ്വ. ഭാനുപ്രകാശ്, എൻ.വി. ലക്ഷ്മണൻ, പി.വി. അഹമ്മദ് കുട്ടി, കെ.എൻ. രാഘവൻ, വി.കെ. വേണുഗോപാൽ, ടി.കെ. ഷൺമുഖൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.