ഒരാഴ്ചയായി കുടിവെള്ളമില്ല; വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ നാട്ടുകാരുടെ സമരം
text_fieldsചാലക്കുടി: ഒരാഴ്ചയായി വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ബക്കറ്റും കുടവും പാത്രങ്ങളുമായി ചാലക്കുടി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി. മേലൂർ കല്ലുത്തി മേഖലയിൽ ഒരാഴ്ചയായി 50ലേറെ കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.
ഉയർന്ന പ്രദേശവും ജലക്ഷാമമുള്ളതുമായ മേലൂർ പഞ്ചായത്തിലെ 1, 2 വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വഴിയുള്ള ജലം നിലച്ചത്. ഇതോടെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിലാവുകയായിരുന്നു. വിവരം പറഞ്ഞിട്ടും ജീവനക്കാരുടെ അനാസ്ഥ മൂലം പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
ഇതോടെയാണ് ഇവർ ചാലക്കുടിയിലെ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തേണ്ട അവസ്ഥയിലായത്.
പൂലാനിയിലെ വാട്ടർ അതോറിറ്റിയുടെ ദേവരാജഗിരി പ്ലാന്റിൽനിന്നാണ് ഇവർക്ക് ജലം വിതരണം ചെയ്യുന്നത്. പ്രശ്നങ്ങൾ അറിയിച്ചപ്പോൾ നോക്കാം എന്ന് ഒഴുക്കൻ മട്ടിൽ പറയുന്നതല്ലാതെ ഉദ്യോഗസ്ഥർ ആരും വന്ന് നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആറ് മാസം മുമ്പ് ഇതുപോലെ ജലം ലഭിക്കാത്ത അവസ്ഥ വന്നിരുന്നു. അന്നും കാരണം കണ്ടെത്താതെ ഇങ്ങനെ ഒഴിഞ്ഞു മാറുകയായിരുന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ. മേലൂർ പെട്രോൾ പമ്പിന് സമീപത്ത് പ്ലാസ്റ്റിക് കുപ്പികൾ തടഞ്ഞ് പൈപ്പ് അടഞ്ഞതായിരുന്നു പ്രശ്നം. നാട്ടുകാർ കാരണം കണ്ടെത്തി കൊടുത്താൽ പരിഹരിക്കുമെന്നതല്ലാതെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ തയാറാവാത്തത് ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ജനപ്രതിനിധികളായ വിക്ടോറിയ ഡേവീസ്, ജിറ്റി സാബു, എൻ.ജെ. ജിനേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.എസ്. ബിജു, ബ്രാഞ്ച് സെക്രട്ടറി പി.സി.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച നാട്ടുകാർ സൂചന സമരം നടത്തിയത്. ഇവർ ഓഫിസ് ഉപരോധിച്ചിരുന്നില്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപരോധസമരം നടത്തുമെന്നും വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുടിലുകെട്ടി ഭക്ഷണം പാചകം ചെയ്യുമെന്നും സമരക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.