ചാലക്കുടി നഗരസഭക്കെതിരെ റവന്യൂ റിക്കവറി ഇല്ല
text_fieldsചാലക്കുടി: ഇൻഡോർ സ്റ്റേഡിയം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തുകയും വാട്ടർ അതോറിറ്റിക്കുള്ള കുടിശ്ശികയും അടക്കാത്തതിന്റെ പേരിൽ ചാലക്കുടി നഗരസഭക്കെതിരെ പുറപ്പെടുവിച്ച റവന്യൂ റിക്കവറി നടപടി ഉടൻ ഉണ്ടാവില്ല.
റിക്കവറിക്ക് തടയിടാൻ മന്ത്രിമാരുമായി നഗരസഭ ചെയർമാൻ എബി ജോർജ് തിരുവനന്തപുരത്ത് ചർച്ച നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ജോർജ് തോമസും പങ്കെടുത്തു.
ഇൻഡോർ സ്റ്റേഡിയം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോടതി വിധിപ്രകാരം അടക്കേണ്ട അധിക വില 27 കോടി രൂപയുടെ ബാധ്യതയെ തുടർന്നുള്ള റവന്യൂ റിക്കവറി നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ റവന്യൂ മന്ത്രി കെ. രാജൻ വാക്കാൽ നിർദേശം നൽകി. ഇത് സംബന്ധിച്ച് കൗൺസിലിന്റെ അപേക്ഷ അടുത്ത ദിവസം തന്നെ രേഖാമൂലം മന്ത്രിക്ക് നൽകും. തുക അടക്കാൻ സാവകാശം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
നഗരസഭ പൊതു ടാപ്പുകളുടെ 2009 മുതലുള്ള കുടിശ്ശിക ഇനത്തിൽ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള 33 കോടിയുടെ ബാധ്യത തീർക്കാത്തതിനാൽ റവന്യൂ റിക്കവറി നടപടി ആരംഭിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലും തുക അടക്കാൻ സാവകാശം അനുവദിക്കണമെന്നും ആർ.ആർ നടപടികൾ ഒഴിവാക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായുള്ള ചർച്ചയിൽ ചെയർമാൻ ആവശ്യപ്പെട്ടു. കുടിശ്ശിക തുകയിൽ ഇളവ് അനുവദിക്കാമെന്നും തുക അടക്കാൻ സാവകാശം നൽകാമെന്നും മന്ത്രി ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റി എം.ഡിക്ക് മന്ത്രി നേരിട്ട് നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.