പരിയാരം സായിപ്പിന്റെ തോട്; സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു
text_fieldsചാലക്കുടി: അന്യാധീനപ്പെട്ടു കിടക്കുന്ന പരിയാരം പഞ്ചായത്തിൽ എച്ചിപ്പാറയിലെ സായിപ്പിന്റെ തോട് സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. ബ്രിട്ടീഷുഭരണകാലത്ത് കാർഷിക ആവശ്യത്തിനായി കൊച്ചി രാജാവിൽനിന്ന് 400 ഏക്കറോളം തീര് വാങ്ങി നിർമിച്ചതാണ് നാലര കിലോമീറ്റർ ദൂരമുള്ള തോട്.
തോടിന് മൂന്നര മീറ്റർ വീതിയുണ്ട്. തോടിനോട് ചേർന്ന് കാളവണ്ടി സഞ്ചരിക്കാവുന്ന ആറുമീറ്റർ വീതിയുള്ള റോഡടക്കം ആകെ ഒമ്പത് മീറ്ററാണ് വീതി.
കാർഷിക മേഖലയിലേക്ക് വലതുകര കനാലിൽനിന്ന് വെള്ളം എത്തിക്കാവുന്ന രീതിയിലാണ് കിടക്കുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി തോട് കൈയറുന്ന നിലയിലാണ്. തോടിന്റെയും പാതയുടെയും ഭാഗങ്ങൾ പലയിടത്തും അന്യാധീനപ്പെടുന്ന നിലയിലാണ്. പരിയാരം പഞ്ചായത്തിന്റെ ആസ്തി രജിസ്ട്രറിൽ സായിപ്പിന്റെ തോട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിനെ സംരക്ഷിക്കാൻ പരിയാരം പഞ്ചായത്തോ ചാലക്കുടി േബ്ലാക്ക് പഞ്ചായത്തോ തയാറാവുന്നില്ല.
സംരക്ഷിക്കപ്പെട്ടാൽ അതിന് സമീപത്തെ ഹെക്ടർ കണക്കിന് ജാതി തോട്ടങ്ങളും റബുട്ടാൻ തോട്ടങ്ങളും മറ്റ് ഇതര കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനാവും. അതുപോലെ പ്രദേശത്തെ മിക്ക കിണറുകളിലും വേനൽക്കാലത്ത് വെള്ളം ലഭിക്കും.
തോട് തടസ്സങ്ങൾ നീക്കി സംരക്ഷിക്കണമെന്ന് മേഖലയിലെ കർഷകർ കലക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നടപടിയെടുക്കാത്തതിനാൽ കർഷക കൂട്ടായ്മയിൽ തോട് ശുചിയാക്കാൻ കർഷകർ സംഘടിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.