പാട്ടിന്‍റെ പാലാഴി തീർത്ത് കലാഭവൻ മണി പാർക്കിലെ പാട്ടുപുര
text_fieldsചാലക്കുടി: നഗരസഭയിലെ കലാഭവൻ മണി പാർക്കിലെ പാട്ടുവീട് സന്ദർശകരുടെ മുഖ്യ ആകർഷണമാകുന്നു. ഓടിട്ട മേൽക്കൂരയും തിണ്ണയും ടൈൽസിട്ട് മനോഹരമാക്കിയ തറയും ഉൾപ്പെടെ ഗ്രാമീണ ഗൃഹത്തിന്‍റെ പ്രതീതിയിൽ പണിതതാണ് പാട്ടുപുര. അവിടെ സംഗീതപ്രേമികൾ എല്ലാ സായാഹ്നങ്ങളിലും ഒത്തുചേരുന്നു.
മൂന്നുമാസമായി പാർക്കിന്‍റെ പ്രവർത്തനം വിജയകരമായി മുന്നോട്ടുനീങ്ങുകയാണ്. നാടൻപാട്ടും കവിതയും കരോക്കെ സിനിമാ ഗാനവും അവതരിപ്പിക്കാൻ ദിനംപ്രതി ഗായകർ എത്തുന്നുണ്ട്. ചാലക്കുടിക്കാർ മാത്രമല്ല, മാള, അന്നമനട, ആളൂർ, മേലൂർ, കൊരട്ടി, കോടശ്ശേരി, പരിയാരം, കാടുകുറ്റി തുടങ്ങിയ സമീപ പഞ്ചായത്തുകളിൽനിന്ന് ഗായകർ എത്തുന്നു. തുടക്കക്കാർക്ക് അരങ്ങേറ്റം നടത്താൻ നല്ലൊരു വേദിയാണിത്. പഴയ ഗായകരും ഈ രംഗത്തെ പ്രഫഷനലുകളും അവസരം തേടിയെത്തുന്നു. സന്ദർശകർക്ക് ഇവരുടെ ഗാനസദ്യ ഏറെ ആസ്വാദ്യമാണ്. നടക്കാൻ വരുന്നവരും കേൾവിക്കാരായി പാട്ടുപുരയ്ക്ക് ചുറ്റും ഒത്തുകൂടുന്നു. 50 ഓളം പേർ ഇവിടെ നിത്യവും സംഗമിക്കുന്നുണ്ട്.
കലാഭവൻ മണിയുടെ ഓർമയ്ക്കായി സംഗീതാധ്യാപകനായ തുമ്പൂർ സുബ്രഹ്മണ്യനും ചാലക്കുടി എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയും ഗായകനുമായ കെ.എ. ഉണ്ണികൃഷ്ണനും കലാഭവൻ തോമസും പി.എ. ഹരികൃഷ്ണനും മറ്റുമാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ചെയർമാൻ വി.ഒ. പൈലപ്പൻ അടക്കമുള്ള നഗരസഭ അംഗങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. ഗായകരെ പ്രോത്സാഹിപ്പിക്കാൻ ചാലക്കുടിയിലെ സഹകരണ ബാങ്കുകാർ ഈയിടെ മികച്ച ഒരു സൗണ്ട് സിസ്റ്റം സൗജന്യമായി നൽകിയതോടെ പാട്ടുപുര കൂടുതൽ ഊർജസ്വലമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.