കാൽനടക്കാരൻ അപകടത്തിൽ മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ
text_fields
ചാലക്കുടി: പോട്ട പാപ്പാളി ജങ്ഷനു സമീപം അജ്ഞാത വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ച സംഭവത്തിൽ വാഹനം കണ്ടെത്തി. ഡ്രൈവറായ പാലക്കാട് നൂറണി വെണ്ണക്കര സ്വദേശി വയനാട്ടു പുര വീട്ടിൽ മധു (38) അറസ്റ്റിലായി. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ അറസ്റ്റ് ചെയ്തതും.
കഴിഞ്ഞ ആഗസ്റ്റ് 16ന് അർധരാത്രിയോടെ ചാലക്കുടി പോട്ട പാപ്പാളി ജങ്ഷനു സമീപമാണ് കാൽനടയാത്രികനായ കോഴിക്കോട് സ്വദേശി ജോസിനെ വാഹനമിടിച്ചത്. വഴിയാത്രക്കാരിലൊരാൾ സ്റ്റേഷനിൽ അറിയിച്ച പ്രകാരം സംഭവസ്ഥലത്തെത്തിയ പൊലീസ് ജോസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ടു മാസത്തോളം നീണ്ട പഴുതടച്ചുള്ള അന്വേഷണത്തിലാണ് നിർത്താതെപോയ വാഹനം ലോറിയാണെന്ന് കണ്ടെത്തിയതും പിടികൂടുന്നതും. അങ്കമാലി മുതൽ തലോർ വരെ 48ഒാളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നാഷനൽ ഹൈവേയിലൂടെ കടന്നുപോയ നൂറുകണക്കിന് വാഹനങ്ങളിൽ നിന്ന് സംശയാസ്പദമായ കേരള, കർണാടക, തമിഴ്നാട് രജിസ്ട്രേഷനുകളിലുള്ള പത്തോളം വാഹനങ്ങൾ വേർതിരിച്ചു. കർണാടകയിലെ തുംകൂർ, ബംഗളൂരു ചെന്നമനക്കരൈ, തമിഴ്നാട്ടിലെ കുളിത്തലൈ, രാമനാഥപുരം, വിരുദുനഗർ, ദിണ്ഡിഗലിനടുത്തുള്ള തെന്നംപട്ടി എന്നിവിടങ്ങളിൽ നേരിട്ട് പോയി വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് അപകടത്തിനിടയാക്കിയ നാഷനൽ പെർമിറ്റ് ലോറി തിരിച്ചറിഞ്ഞത്.
ഡ്രൈവറെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിലൂടെ അപകടത്തിനിടയാക്കിയ ലോറിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ജോഷി എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.