പോട്ട ആശ്രമം കവല അടച്ചുകെട്ടി; അടിപ്പാത നിർമാണം ഉടൻ
text_fieldsപോട്ട ആശ്രമം കവല അടച്ചുകെട്ടുന്നു
ചാലക്കുടി: ദേശീയപാതയിൽ നിരന്തരം അപകട ഭീഷണി ഉയർത്തുന്ന പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ ദേശീയപാത അധികൃതർ അടച്ചു. നേരത്തെ ഇവിടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധിപേർ അപകടങ്ങളിൽ മരിച്ചിരുന്നു.
അവസാനം കഴിഞ്ഞ 13ന് ഇവിടെ മിനിലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും ലോറി തീപിടിച്ച് നശിക്കുകയും ചെയ്ത സംഭവത്തോടെ ദേശീയപാതയിലേക്കുള്ള ക്രോസിങ് അടച്ചുകെട്ടാൻ തീരുമാനിച്ചിരുന്നു.
എന്നാൽ തീരുമാനം നടപ്പാക്കാൻ വൈകിയപ്പോൾ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് നൽകി. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ ക്രോസിങ് അടച്ചത്. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, നഗരസഭ അംഗം ലിബി തുടങ്ങിയവർ സ്ഥലത്തെത്തി നിർദേശം നൽകി.
എന്നാൽ ഇവിടെ അടിപ്പാത നിർമിക്കാനുള്ള അനുമതിയായിട്ടുണ്ട്. ഉടൻതന്നെ അടിപ്പാത നിർമാണം നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്. അതിനാൽ റോഡ് അടക്കുന്നത് താൽക്കാലികം മാത്രമാണ്. കുറച്ചുനാളത്തേക്ക് മാത്രമേ പ്രദേശവാസികൾ ബുദ്ധിമുട്ട് സഹിക്കേണ്ടതുള്ളു.
അതുവരെ ഇതുവഴിയുള്ള ബസ് സർവിസുകൾ ക്രമീകരിച്ചിട്ടുണ്ട്. ആശ്രമം ജങ്ഷനിൽ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് മാത്രമാണ് നിലവിൽ ആശങ്കയുള്ളത്. സീബ്രാലൈൻ നിലവിലുണ്ട്. നിശ്ചിത സമയങ്ങളിൽ സിഗ്നൽവെച്ച് സൗകര്യം ഏർപ്പെടുത്താൻ സാധിക്കുമോ എന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെങ്കിലും അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആശങ്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.