ആശങ്കയേറ്റി അരിക്കൊമ്പൻ
text_fieldsചാലക്കുടി: അതിരപ്പിള്ളിയിൽ വനപാലകർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദനയായി അരിക്കൊമ്പൻ. കോടതി നിർദേശപ്രകാരം ആനയെ സുരക്ഷിതമായി എത്തിക്കേണ്ടത് വനം വകുപ്പാണ്. അരിക്കൊമ്പനെ ആറു മണിക്കൂർ കൊണ്ട് പറമ്പിക്കുളം വനമേഖലയിലെത്തിച്ചേ തീരു.
അതിന് വേണ്ടിയാണ് വനം വകുപ്പ് അധികൃതർ വാഴച്ചാൽ വഴി കൊണ്ടുപോകാൻ ശ്രമം നടത്തുന്നത്. ഇടുക്കിയിൽനിന്ന് പാലക്കാട് വഴി കൊണ്ടുപോകാമെങ്കിലും കൂടുതൽ സമയമെടുക്കും. മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ അതിവേഗം ഏഴാറ്റുമുഖം വഴി വെറ്റിലപ്പാറ പാലം കടന്ന് ലോറിയിൽ വാഴച്ചാലിൽ എത്തിക്കുകയാണ് ലക്ഷ്യം.
മയക്കുവെടി വെച്ചാൽ ആറു മണിക്കൂർ നേരം മാത്രമേ മയക്കം കിട്ടൂ. മാർഗമധ്യേ വീണ്ടും മയക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് ഈ സമയത്തിനകം എത്തിക്കാനാണ് പദ്ധതിയൊരുക്കുന്നത്.വാഴച്ചാൽ വഴിയും പെരിങ്ങൽക്കുത്ത് ഡാം കടന്ന് അപ്പുറത്തുള്ള വഴിയിലൂടെയും പറമ്പിക്കുളത്തേക്ക് കൊണ്ടു പോകാം. എന്നാൽ വാഴച്ചാൽ വഴി തന്നെയാണ് കൂടുതൽ സൗകര്യമെന്ന് വനപാലകർ കരുതുന്നു.
വനപാലകർ ഈ കാട്ടു വഴിയിലൂടെ ജീപ്പിൽ പോകാറുണ്ടെങ്കിലും ആനയെ വഹിക്കുന്ന ലോറി കടന്നു പോകാൻ പ്രതിബന്ധങ്ങളുണ്ട്. അതിന് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. റോഡ് മണ്ണുമാന്തി ഉപയോഗിച്ച് സൗകര്യപ്പെടുത്തേണ്ടതുണ്ട്. ഇത്തരം മുന്നൊരുക്കങ്ങളാണ് ജനങ്ങളുടെ പ്രതിഷേധം മൂലം തടസ്സപ്പെട്ടിരിക്കുന്നത്.
പറമ്പിക്കുളത്താണ് അരിക്കൊമ്പനെ എത്തിക്കുന്നതെങ്കിലും അതിരപ്പിള്ളി മേഖലയിലേക്ക് അത് എത്താൻ അധികം സമയം വേണ്ട. കാട്ടാനകളുടെ ശല്യം കാരണം ഏറെ വിഷമിക്കുന്ന അതിരപ്പിള്ളിക്കാർക്ക് ഇത് വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
കാട്ടാനയെ കൊണ്ടു പോകുന്ന വാഹനത്തെ പിന്തുടരാൻ മാധ്യമങ്ങൾക്ക് അടക്കം വിലക്കുകളുണ്ട്. കൂടുതൽ പച്ചപ്പുള്ള സ്ഥലം എന്ന നിലയിലാണ് പറമ്പിക്കുളം മേഖലയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇടുക്കിയിലെ സ്വന്തം കൂട്ടത്തിൽ നിന്നും വേർപ്പെടുത്തപ്പെടുന്ന ആന കൂടുതൽ അക്രമകാരിയാകുമോയെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.