ചാലക്കുടി നഗരത്തിന് നാണക്കേടായി പുത്തന്‍കുളം
text_fieldsചാലക്കുടി: ട്രാംവേ റോഡിൽ നവീകരിക്കാതെ കിടക്കുന്ന പുത്തന്‍കുളം നഗരഹൃദയത്തിന് നാണക്കേടായി തുടരുന്നു. നഗരസഭയിലെ അപ്രധാനമായ പല കുളങ്ങളും നവീകരിക്കപ്പെട്ടിട്ടും പ്രാചീനവും പ്രധാനപ്പെട്ടതുമായ ഈ കുളം ശുചീകരിക്കാതെ രോഗം പരത്തുന്ന ചതുപ്പുകുണ്ടായി മാറിയിരിക്കുകയാണ്. ചാലക്കുടിയുടെ ശുചിത്വ ബോധത്തിന് അപമാനമാണ് ഈ ജലാശയം. സമീപകാലത്ത് അടിപ്പാത നിർമാണം പൂർത്തിയായി ഇതുവഴി ഗതാഗതം കൂടുതൽ തിരിച്ചു വിട്ടതോടെ ഇവിടം അപകടമേഖലയായി മാറിയിട്ടുണ്ട്.
നഗരസഭയുടെ അധീനതയിലാണ് ട്രാംവെ റോഡിലുള്ള പുത്തന്‍കുളം. നൽപതുവര്ഷം മുന്‍പ് വരെ പ്രദേശത്തെ ഒരു പ്രധാന ജലസ്രോതസായിരുന്നു. 10 വർഷം മുൻപ് പുത്തൻകുളം നവീകരിക്കാൻ നഗരസഭ ശ്രമം നടത്തിയിരുന്നു. അന്ന് പകുതിയോളം നവീകരണ ജോലികള്‍ കഴിഞ്ഞ പുത്തന്‍കുളം നിലവിൽ നാശോന്മുഖമാണ്. പുനരുദ്ധാരണത്തിന്റെ ഭാഗമായി വശങ്ങളില് കോരിയിട്ട ചേറും ചെളിയും വീണ്ടും മഴയത്ത് കുളത്തിലേക്ക് തന്നെ ഒഴുകിയെത്തി.
കുളം പുല്ലു വളര്‍ന്ന് വീണ്ടും കാടുപിടിച്ചു. കുളം നവീകരണം പൂര്‍ത്തിയാകണമെങ്കില്‍ ഇതുവരെ തീര്‍ത്ത പണികള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്. അന്നുണ്ടായ വിവാദങ്ങളിലും നിയമക്കുരുക്കുകളിലും പൊള്ളിയ നഗരസഭ ഇപ്പോഴും നവീകരണത്തിനെതിരെ മുഖം തിരിച്ചു നിൽക്കുകയാണ്. ഈ ജലസ്രോതസ്സ് നവീകരണത്തിന് ഇനിയും വൈകരുതെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.