കടുത്ത വേനൽ പരിയാരം മേഖലയിലെ റംബുട്ടാൻ, മാംഗോസ്റ്റിൻ കൃഷിക്ക് തിരിച്ചടിയായി
text_fieldsചാലക്കുടി: കടുത്ത വേനൽ പരിയാരം മേഖലയിലെ റംബുട്ടാൻ, മാംഗോസ്റ്റിൻ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്രമാതീതമായ ചൂട് ഇവയുടെ ഉൽപാദനത്തെ ബാധിച്ചതായാണ് കർഷകരുടെ പരാതി. കഴിഞ്ഞ വർഷങ്ങളിലെ പോലെയുള്ള അളവിൽ വിപണിയിലേക്ക് ഇത്തവണ റംബുട്ടാനും മാംഗോസ്റ്റിനും എത്തിയിട്ടില്ല. മാംഗോസ്റ്റിൻ മാർക്കറ്റിലേക്ക് തീരെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. റംബുട്ടാൻ വിപണി ഇനിയും സജീവമായിട്ടില്ല. അതേസമയം ചെറിയ തോതിൽ റംബൂട്ടാൻ എത്തിയിട്ടുണ്ട്. മാംഗോസ്റ്റിന്റെയും റംബുട്ടാന്റെയും സീസൺ ഏപ്രിൽ, മേയ്, ജൂൺ കാലയളവിലാണ്. ഇതിൽ മാംഗോസ്റ്റിനാണ് ആദ്യം ഉണ്ടാകാറ്. ജനുവരിയോടെ മരങ്ങളിൽ പൂവിടാൻ തുടങ്ങും. ഇത്തവണ റംബുട്ടാൻ പൂവിട്ടെങ്കിലും ചൂട് പ്രതികൂലമാവുകയായിരുന്നു. ഇടക്ക് പെയ്ത ചെറിയ മഴയിൽ അവ വാടിതളർന്ന് വീണു. വീണ്ടും മരങ്ങളിൽ പൂവിട്ടെങ്കിലും പഴങ്ങളുണ്ടാകുന്നതിൽ വിജയിച്ചില്ല. അതുകൊണ്ട് തന്നെ ഈ സീസണിൽ മാംഗോസ്റ്റിൻ വിപണിയിലേക്ക് എത്തിക്കാനായില്ല.
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് റംബുട്ടാന്റെ സീസൺ. ഏപ്രിൽ, മേയ് പകുതി വരെയുള്ള കടുത്ത ചൂട് ഇവയുടെയും ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. കൊടിയ ചൂടിൽ ജലാംശം വറ്റിയതിനാൽ ഉണ്ടായ റംബുട്ടാൻ കായ്കളെല്ലാം തീരെ ചെറുതായി. തുടർന്ന് മേയ് അവസാനത്തോടെ പെയ്ത മഴയിൽ പകുതിയോളം മരങ്ങളിൽനിന്ന് കൊഴിഞ്ഞു വീഴുകയായിരുന്നു. മഴ പെയ്തതോടെ അവയുടെ പുറത്തുള്ള നാരുകളെല്ലാം കറുത്ത നിറത്തിലായത് കാഴ്ചക്കുള്ള ശോഭ കെടുത്തി. അതിനാൽ മൊത്തവ്യാപാര ഏജന്റുമാർ മതിപ്പുവില കണക്കാക്കാത്തത് കർഷകർക്ക് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.