പെരിങ്ങൽക്കുത്തിൽ വൈദ്യുതോൽപാദനം കുറച്ചു; ചാലക്കുടിപ്പുഴ വരളുന്നു
text_fieldsചാലക്കുടി: ചാലക്കുടിപ്പുഴ ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക്. മഴ നിലച്ചതും പെരിങ്ങൽക്കുത്ത് അണക്കെട്ടിൽനിന്ന് പുഴയിലേക്ക് പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതുമാണ് വരൾച്ചക്ക് പ്രധാന കാരണം.
പുഴയുടെ മേൽത്തട്ടിലെ വരൾച്ച താഴ്ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകളാണുള്ളത്. പലയിടത്തും മുമ്പൊരിക്കലും കാണാത്തവിധം അടിത്തട്ട് കാണുന്ന നിലയിലാണ്. പരിയാരം കൊമ്പൻപാറ തടയണയും കൂടപ്പുഴ തടയണയും വറ്റിവരണ്ടു. എത്രയും പെട്ടെന്ന് തടയണയുടെ ഷട്ടറുകൾ ഇടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് താഴ്ന്നതിനാൽ പുഴയോരത്തെ കിണറുകളിൽ വെള്ളം വറ്റി. പുഴയോരം കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണുള്ളത്.
വിവിധ സ്ഥലങ്ങളിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. 15 മുതൽ എല്ലായിടത്തേക്കും കനാൽ ജലം തുറന്നുവിടുമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, തുമ്പൂർമുഴിയിൽനിന്ന് ജലസേചനത്തിന് കനാലുകളിലൂടെ വെള്ളം വരുന്നത് കുറവാണ്. ബ്രാഞ്ച് കനാലുകളിൽ മതിയായ ജലം എത്തിയിട്ടില്ല.
വേനലിൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ വൈദ്യുതി ഉൽപാദനശേഷം പുറന്തള്ളുന്ന ജലമാണ് ചാലക്കുടിപ്പുഴയിൽ പ്രധാനമായും ലഭിക്കുക. പെരിങ്ങലിൽ ജലം കുറവാണ്. രാത്രി പതിവുപോലെ വൈദ്യുതോൽപാദനം നടക്കുന്നുണ്ട്. കുറച്ചുവെള്ളം മാത്രമാണുള്ളതെന്നതിനാൽ രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോഴേക്കും നിർത്തുകയാണ്.
തമിഴ്നാട് അണക്കെട്ടുകളിൽനിന്ന് കൂടുതൽ വെള്ളമെത്തിയാലെ കൂടുതൽ സമയം വൈദ്യുതോൽപാദനം നടത്താൻ കഴിയൂ. ഷോളയാറിലെ രണ്ട് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി അൽപം ജലം മാത്രം പെരിങ്ങലിലേക്ക് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.