കൂടപ്പുഴ തടയണയുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ
text_fieldsചാലക്കുടി: കൂടപ്പുഴ തടയണയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. പത്ത് ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
ഇത് മൂന്നാമത്തെ തവണയാണ് ഇറിഗേഷൻ വകുപ്പ് അറ്റകുറ്റപ്പണികൾക്ക് ശ്രമം നടത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും പെട്ടെന്നുണ്ടായ വേനൽമഴയിൽ പുഴയിൽ ജലമുയർന്ന് അറ്റകുറ്റപ്പണി മുടങ്ങിയിരുന്നു. വേനലിൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞത് കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ചയിലാണ് ജോലികൾ ആരംഭിച്ചത്. കാലാവസ്ഥ പ്രതികൂലമാകും മുൻപ് പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
2018ലെ പ്രളയത്തിലാണ് കൂറ്റൻ മരങ്ങൾ ഇടിച്ച് തടയണയുടെ ഭാഗങ്ങൾ തകർന്നത്. ഇതോടെ വേനലിൽ ജലം ശേഖരിക്കാൻ തടയണ അടയ്ക്കാൻ പ്രയാസമായി. 2020 മുതൽ തടയണയുടെ ഭാഗങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ശരിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. നടുവിലെ കുറച്ചു ഭാഗത്തെ പണികളേ ഇനി തീർക്കാനുള്ളൂ.
വെള്ളം ഒഴുകി തടസ്സം ഉണ്ടാകാതിരിക്കാൻ പുഴയുടെ നടുവിൽ കല്ലുകൾ കൂട്ടി താൽക്കാലിക മൺചിറ നിർമിച്ചാണ് പണികൾ. മണ്ണ് മാന്തി പുഴയിൽ ഇറക്കി കല്ലുകൾ ശേഖരിക്കുകയാണ്. തുടർന്ന് മൺചാക്കുകൾ നിരത്തി ഇരുവശത്തെയും ഷട്ടറിലൂടെ വെള്ളമൊഴുക്കി പുഴയുടെ മധ്യഭാഗത്തെ ഒഴുക്ക് തടസ്സപ്പെടുത്തി വേണം നടുവിലെ ഷട്ടർ കോൺക്രീറ്റ് ചെയ്യാൻ. ഇതിനിടയിൽ കാലാവസ്ഥ മാറി പുഴയിൽ വെള്ളം ഉയരുമോയെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.