റബറിനെ കൈവിട്ടു; റംബുട്ടാനിലേക്ക് വഴിമാറി ബേബി
text_fieldsചാലക്കുടി: റബർകൃഷിയിലെ നഷ്ടം പരിഹരിക്കാൻ റംബുട്ടാനിലേക്ക് വഴിമാറി കർഷകൻ. ചായ്പൻകുഴിയിലെ തച്ചേത്തുകുടി ബേബിയാണ് റബറിനെ കൈവിട്ട് റംബുട്ടാനിലേക്ക് ചുവടുമാറ്റിയത്.
രണ്ട് ഏക്കറിലെ 350 മരങ്ങൾ മുറിച്ചുമാറ്റിയാണ് ഇദ്ദേഹം റംബുട്ടാൻ നട്ടത്. റബറിന്റെ വിലത്തകര്‍ച്ചയിലും ടാപ്പിങ്ങിന് തൊഴിലാളിയെ കിട്ടാനില്ലാത്ത സാഹചര്യത്തിലും മനം മടുത്താണ് ഈ മാറ്റം. റബർ മുറിച്ചുമാറ്റി റംബുട്ടാൻ തൈകൾ നട്ടയിടത്ത് ഇടവിള കൃഷിയും നടത്തുന്നുണ്ട്.
റബറിനെ ആശ്രയിച്ച് ഇനിയുള്ള കാലം ജീവിക്കാൻ പറ്റില്ലെന്നാണ് ബേബിയുടെ പക്ഷം. റംബുട്ടാൻ കൃഷി രീതി സംബന്ധിച്ച് ബേബി മറ്റ് കർഷകരെ ബോധവത്കരിക്കുന്നുണ്ട്. റംബുട്ടാൻ വളരുന്നതിന് വെയിൽ അത്യാവശ്യമായതിനാൽ വാഴകൃഷി ഇടവിളയായി അനുയോജ്യമല്ല.
ഇടവിളയായി മത്തൻ, കുമ്പളം എന്നിവ നട്ടിട്ടുണ്ട്. ഇവയിൽനിന്ന് ഓണത്തിന് ആദായം എടുക്കുകയും ചെയ്യാം.
റംബുട്ടാൻ തൈകൾ നട്ട് മൂന്നുവർഷം തികഞ്ഞാൽ വർഷത്തിൽ ഒരുതവണ വീതം ആദായം ലഭിക്കും. ഇടവിള കൃഷിക്കും അധികം കൂലി ചെലവ് വരില്ല. പരിയാരത്ത് റംബുട്ടാൻ കൃഷി വ്യാപകമായി വരുകയാണ്. കോടശ്ശേരി പഞ്ചായത്തിലും പലരും ഇതിലേക്ക് തിരിയുന്നുണ്ട്.
ബേബിയുടെ റംബുട്ടാൻ കൃഷിയിടത്തിലെ ഇടവിളയായ മത്തൻ കൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.