നാടെങ്ങും ഒച്ചുകൾ; ശാശ്വത പരിഹാരം അകലെ
text_fieldsചാലക്കുടി: മഴക്കാലമെത്തിയതോടെ നഗരസഭയിലെ വാർഡുകളിൽ ഒച്ചുശല്യം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. പോട്ട മേഖലയിലെ സുന്ദരിക്കവല, പോട്ട വ്യാസ റോഡ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുറെ ദിവസങ്ങളായി ഒച്ചിന്റെ ശല്യം വർധിച്ചിട്ടുണ്ട്.
അധികാരികൾക്ക് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല. നന്മ റെസിഡന്‍റ്സ് അസോസിയേഷൻ, ഹരിത നഗർ റെസിഡന്‍റ്സ് അസോസിയേഷൻ, എം.ജി നഗർ റെസിഡന്‍റ്സ് അസോസിയേഷൻ, റോസ് ഗാർഡൻ റെസിഡന്‍റ്സ് അസോസിയേഷൻ തുടങ്ങിയ പ്രദേശങ്ങളിലും ഒച്ചുശല്യം രൂക്ഷമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി റെസിഡന്‍റ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
മേലൂർ പഞ്ചായത്തിലും ഒച്ച് ഭീഷണി രൂക്ഷമാണ്. വർഷങ്ങളായി പൂലാനി കൊമ്പൻപാറ തടയണ ഭാഗത്തും ചെട്ടിത്തോപ്പ് കടവ് ഭാഗത്തും മാത്രമാണ് ഇവയുടെ ശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പഞ്ചായത്തിന്‍റെ എല്ലാ പ്രദേശത്തേക്കും വ്യാപിച്ചിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നതിനൊപ്പം ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. പ്രധാനമായും വാഴ കൃഷിയെയാണ് ഇവ ബാധിക്കുന്നത്. ഇവയുടെ സ്രവം ശരീരത്തിൽ പറ്റിയാൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും. ചികിത്സ തേടേണ്ടി വരുന്നവരുമുണ്ട്.
പല രീതിയിലുള്ള പ്രതിരോധ മാർഗങ്ങളും പഞ്ചായത്തും കൃഷി വകുപ്പും കഴിഞ്ഞ രണ്ടുവർഷവും നടത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.