മണ്ണും മാലിന്യവും നീക്കിയില്ല ; കാനകൾ സ്ലാബിടാനുള്ള ശ്രമം തടഞ്ഞു
text_fieldsചാലക്കുടി: മണ്ണും മാലിന്യവും നീക്കാതെ കാനകൾ സ്ലാബിട്ട് മൂടാനുള്ള ദേശീയപാത കരാറുകാരന്റെ ശ്രമം ജനപ്രതിനിധികൾ ഇടപെട്ട് തടഞ്ഞു. ചാലക്കുടി നഗരസഭ ജൂബിലി കെട്ടിടത്തിന് മുന്നിൽ പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലെ കാനകൾക്ക് മുകളിലാണ് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാൻ ശ്രമം നടന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഈ തുറന്ന കാനകളിൽ മണ്ണും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. അവ നീക്കാതെ സ്ലാബ് സ്ഥാപിച്ചാൽ വെള്ളക്കെട്ടുണ്ടാകും. ഇത് അവഗണിച്ചാണ് കരാറുകാരൻ രാവിലെ മുതൽ സ്ലാബ് വിരിച്ചത്. അക്കാര്യം നഗരസഭയെ അറിയിച്ചുമില്ല.
അടിപ്പാത പൂർത്തീകരണത്തിന്റെ ഭാഗമായി സമീപത്ത് കുറച്ച് നാളുകളായി കാന നിർമാണം പുരോഗമിക്കുന്നുണ്ട്. പുതുതായി നിർമിച്ച കാന സ്ലാബിട്ട് ഭദ്രമാക്കുന്നുണ്ട്. എന്നാൽ, റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ജൂബിലി കെട്ടിടം, ഫോറസ്റ്റ് സ്റ്റേഷൻ ഭാഗങ്ങളിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച കാന സ്ലാബിട്ട് മൂടുന്നതിൽ കരാറുകാരൻ അനാസ്ഥ കാണിച്ചിരുന്നു. മൂടുന്നതിന് മുമ്പ് കാനയിലെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് തങ്ങളുടെ ജോലിയല്ലെന്നും സ്ലാബിടൽ മാത്രമാണ് കരാർ പ്രകാരമുള്ള ജോലിയെന്നും കരാറുകാരൻ പറഞ്ഞു. ഇതോടെ സംഘർഷാവസ്ഥയുണ്ടായി. നഗരസഭ അംഗങ്ങളായ വി.ജെ. ജോജി, ജോജി കാട്ടാളൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. കൗൺസിലർമാർ അറിയിച്ചതിനെ തുടർന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവരും സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവെപ്പിച്ചു. സ്ഥാപിച്ച സ്ലാബുകൾ മാറ്റാൻ കരാറുകാരന് നിർദേശം നൽകി. നഗരസഭ ആരോഗ്യ വിഭാഗം കാനകൾ ഉടൻ വൃത്തിയാക്കിയ ശേഷം കോൺക്രീറ്റ് സ്ലാബിട്ട് മൂടിയാൽ മതിയെന്നും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.