എം.ആർ.എസ് സ്കൂളിന് മുകളിലെ സോളാർ പാനലുകൾക്ക് തീപിടിച്ചു
text_fieldsചാലക്കുടി: വിദ്യാലയത്തിന് മുകളിലെ സോളാർ പാനലുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ആദിവാസി വിഭാഗം വിദ്യാർഥികൾ മാത്രം താമസിച്ച് പഠനം നടത്തുന്ന മേച്ചിറ മോഡൽ റസിഡൻസ് സ്കൂളിലാണ് ബുധനാഴ്ച രാവിലെ 11.25 ഓടെ തീപിടിത്തം ഉണ്ടായത്. സ്കൂൾ മേച്ചിറയിൽ ഒറ്റപ്പെട്ട കുന്നിൻ മുകളിലാണ് പ്രവർത്തിക്കുന്നത്.
സ്കൂളിന്റെ മുകളിൽ സ്ഥാപിച്ച നൂറോളം വരുന്ന സോളാർ പാനലുകളിൽ മൂന്ന് എണ്ണത്തിലാണ് തീ പടർന്നത്. പരിഭ്രാന്തരായ സ്കൂൾ അധികൃതർ ചാലക്കുടിയിലെ അഗ്നിരക്ഷ നിലയത്തിൽ വിവരമറിയിച്ചു. അഗ്നിരക്ഷ ജീവനക്കാരെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റെ മുകളിലേക്ക് ഇവർക്ക് എത്തിപ്പെടാൻ മാർഗം ഇല്ലായിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു. കോണി ഉപയോഗിച്ചാണ് മുകളിലേക്കു കയറിയത്. എന്നാൽ മുകളിൽ നിന്നുകൊണ്ട് തീയണക്കാൻ സാധ്യമല്ലാത്തതിനാൽ ഫയർ ടെൻഡെറിന്റെ റൂഫ് മോണിറ്റർ ഉപയോഗിച്ചാണ് തീ പൂർണമായി അണച്ചത്.
ചാലക്കുടി നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബിജു ആന്റണി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഒ. വർഗീസിന്റെയും നേതൃത്വത്തിൽ ടി.എസ്. അജയൻ, എസ്. അതുൽ, കെ. അരുൺ, നിഖിൽ കൃഷ്ണൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. സോളാർ പാനലുകൾ സാധാരണ ഗതിയിൽ തീപിടിക്കാറില്ല. പാനലുകളിലേക്കുള്ള കേബിളിലെ ഷോർട്ട് സർക്യൂട്ടാണോ ഉയർന്ന താപനിലയാണോ തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.