ചാലക്കുടിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നടപടി
text_fieldsചാലക്കുടി: ചാലക്കുടിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതർ ഡിണ്ടിഗലിലെ വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജിൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്തി.
പ്ലാന്റ് വാങ്ങുന്നതിന് നഗരസഭ തയാറാക്കിയ 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് ചെയർമാനും സംഘവും പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും സെപ്റ്റിക് മാലിന്യം നേരിട്ടെത്തി വൃത്തിയാക്കാനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നഗരസഭക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ചെയർമാന്റെ നേതൃത്വത്തിൽ ഡിണ്ടിഗലിലെ വാഷ് ഗവേഷണ കേന്ദ്രം സന്ദർശിച്ചത്.
ജലമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകൃത സ്ഥാപനമാണ് വാഷ് ഇൻസ്റ്റിറ്റ്യൂട്ട്.
സെപ്റ്റിക് മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുകയും ജലസ്രോതസ്സുകളിലും മറ്റും തള്ളുന്നതും മൂലം ഉണ്ടാകുന്ന വലിയ രീതിയിലെ മലിനീകരണം തടയാനാണ് വാഹനത്തിൽ ഘടിപ്പിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് നേരിട്ട് വീടുകളിലും സ്ഥാപനങ്ങളിലും എത്തി സെപ്റ്റിക്ക് മാലിന്യം സംസ്കരിക്കുന്ന സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഈ സൗകര്യം തയാറാക്കാൻ പോകുന്നതെന്ന് ചെയർമാൻ എബി ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.