വന്ധ്യംകരണം നിർത്തി; ചാലക്കുടിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsചാലക്കുടി: ചാലക്കുടി മൃഗാശുപത്രിയിൽ 'അനിമൽ ബർത്ത് കൺട്രോൾ' (എ.ബി.സി) പദ്ധതി നിർത്തിയതിനെ തുടർന്ന് തെരുവുനായ്ക്കൾ വർധിച്ചതായി പരാതി. ചാലക്കുടി നഗരപ്രദേശത്ത് ആയിരത്തിലധികം തെരുവുനായ്ക്കൾ അലഞ്ഞു തിരിയുന്നു.
നഗരസഭ ടൗൺ ഹാൾ ഷോപ്പിങ്ങ് കോംപ്ലക്സ്, നോർത്ത് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, റയിൽവേ സ്റ്റേഷൻ, ചാലക്കുടി മാർക്കറ്റ്, സൗത്ത് മേൽപ്പാലത്തിന് താഴെ, നഗരസഭ ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് തുടങ്ങിയ സ്ഥലങ്ങൾ ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്.
പല റസിഡൻസ് അസോസിയേഷൻ പരിധിയിലും തെരുവ് നായ്ക്കളുടെ ശല്യം മുൻകാലങ്ങളേക്കാൾ വർധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കും വഴിയാത്രികർക്കും ആക്രമണത്തിൽ പരിക്കുകൾ സംഭവിക്കുന്നതായി പരാതിയുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നില്ല.
ചാലക്കുടി മൃഗാശുപത്രിയിൽ നടത്തിയിരുന്ന എ.ബി.സി പ്രോഗ്രാം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. പ്രതിദിനം 25 ഓളം തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും ഇവിടെ നടത്തിയിരുന്നു. ചാലക്കുടിയിലെ ആറ് െഷൽട്ടറുകൾ പോലും ഡിപ്പാർട്ട്മെന്‍റ് തിരിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നു.
കൂടാതെ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ശിപാർശ അനുസരിച്ചുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടും ചാലക്കുടിയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണവും നടക്കുന്നില്ല. അതിനാൽ എ.ബി.സി പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ ട്രസ്റ്റ് ചാലക്കുടി നഗരസഭ അധികാരികൾക്ക് നൽകിയ പരാതിയിൽ അടിയന്തരമായി പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ ഷെൽട്ടറുകൾ നിർമിച്ചു നൽകണമെന്നും ഇതിനായി മതിയായ പ്ലാൻ ഫണ്ട് അനുവദിക്കണമെന്നും വളർത്തു നായ്ക്കൾക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ചാലക്കുടി മൃഗാശുപത്രിയിൽനിന്ന് മുൻ വർഷങ്ങളിൽ തിരിച്ചെടുത്ത ഷെൽട്ടറുകൾ ചാലക്കുടി മൃഗാശുപത്രിക്ക് നൽകി വന്ധ്യംകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് തൃശൂർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ക്രാക്ക്റ്റ് ആവശ്യപ്പെട്ടു.
പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, വിൽസൺ കല്ലൻ, ലൂയിസ് മേലേപ്പുറം, എ. രാധാകൃഷ്ണൻ, സി.കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.