ചാലക്കുടി നഗരത്തിലെ തെരുവുനായ് വിഷയം ചെയർമാൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം
text_fieldsചാലക്കുടി: തെരുവുനായ് വിഷയത്തിൽ നഗരസഭ ചെയര്മാന് വാർത്ത സമ്മേളനത്തിൽ പറഞ്ഞകാര്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് ആരോപിച്ചു.
ചാലക്കുടിയിലെ മര്‍ച്ചന്റ്സ് അസോസിയേഷന്, വ്യാപാരി വ്യവസായി സമിതി, ചാലക്കുടിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കോഓഡിനേഷന്‍ കമ്മിറ്റിയായ ക്രാക്റ്റ് ,ചാലക്കുടി റോട്ടറി ക്ലബ്, വൈസ്മെന്‍സ് ക്ലബ് തുടങ്ങിയ സംഘടനകളിലെ ഭാരവാഹികള്‍, കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആവശ്യപ്രകാരം പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്ക്കനുവദിച്ച മുറിയില്‍ യോഗം ചേരുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. ജനങ്ങളുടെ ജീവനുതന്നെ അപകടകരമായി പെരുകിയ തെരുവുനായ് ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് നിവേദനം നല്‍കിയത് ചട്ടലംഘനമാണെന്ന് കഴിഞ്ഞദിവസം ചെയർമാൻ വാർത്തസമ്മേളനം നടത്തിയത് ജനാധിപത്യ അവകാശങ്ങളെ കുറിച്ച് ധാരണ ഇല്ലാത്തതിനാലാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനപ്രതിനിധികള്‍ ജനോപകാരപ്രദമായ വിഷയങ്ങളില്‍ ഇടപെടുന്നതിലോ അതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിനെ കുറിച്ച് മുനിസിപ്പല്‍ നിയമാവലിയില്‍ എവിടെയും യാതൊരു നിയന്ത്രണവും പറയുന്നില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ യോഗം ചട്ടലംഘനമാണെന്ന് പറഞ്ഞ ചെയര്മാന് തെരുവുനായ് ശല്യത്തിനെതിരെ ആവശ്യമായ ഒരു നടപടിപോലും എടുക്കാമെന്ന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞില്ല.
2021 ഡിസംബറിൽ ആവശ്യമായ സൗകര്യങ്ങളില്ലാതെ നടത്തിയിരുന്ന വന്ധ്യംകരണം ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാൽ കോടതി നിർദേശിച്ച ചെറിയ പോരായ്മകള്‍ തീര്‍ത്ത് ആരംഭിക്കാനായി സാധിച്ചിട്ടില്ല. തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനാവശ്യമായ പണം കെണ്ടത്താനായി വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് നടത്തി ചിപ്പ് ഘടിപ്പിച്ച് ലൈസന്‍സ് നല്കി നഗരസഭ കൈപറ്റിയ തുക വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തിട്ടുള്ളത്.
മറ്റ് സ്ഥാപനങ്ങളില്‍ ഇതിന് 50 രൂപ, 100 രൂപ നിരക്കില്‍ ചെയ്യുമ്പോള്‍ ചാലക്കുടി നഗരസഭ ഈടാക്കിയത് 1250 രൂപയായിരുന്നു. ആ വകയിൽ പിരിഞ്ഞുകിട്ടിയ 12 ലക്ഷത്തിൽ പരം രൂപ 140 നായ്ക്കള്‍ക്കുള്ള വാക്സിനേഷന് ആവശ്യമായ തുക കഴിഞ്ഞ് ബാക്കി തുക വകമാറ്റി ചെലവഴിച്ചുവെന്നും സുരേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.