വേനൽമഴ വൈകുന്നു; ഉയർന്ന പ്രദേശങ്ങളിൽ വരൾച്ച
text_fieldsചാലക്കുടി: വേനൽമഴ വൈകുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വരൾച്ച വ്യാപകമാകുന്നു. ചാലക്കുടിയിൽ വേനൽമഴ കാര്യമായി പെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം വെറ്റിലപ്പാറയിലും രണ്ട് ദിവസം മുമ്പ് അതിരപ്പിള്ളിയിലും അഞ്ച് മിനിറ്റോളം മഴ പെയ്തു. അതിരപ്പിള്ളി വനമേഖലയാകെ പച്ചപ്പില്ലാതെ ഉണങ്ങിക്കിടക്കുകയാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു. പുഴയോര പ്രദേശങ്ങളിൽ കിണറുകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം വറ്റുകയോ ജലനിരപ്പ് താഴുകയോ ചെയ്യുന്നുണ്ട്. ജലാശയങ്ങളിലെ വരൾച്ച മൂലം പലയിടത്തും ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം അവതാളത്തിലാണ്. കൃഷിക്ക് വെള്ളം ലഭിക്കാതെ കർഷകരും വിഷമത്തിലാണ്.
അതേസമയം, പ്രശ്നം പരിഹരിക്കാൻ തുമ്പൂർമുഴി റിവർഡൈവർഷൻ സ്കീം രാവും പകലും പ്രവർത്തിക്കുന്നുണ്ട്. മേലൂർ പഞ്ചായത്തിലും കോടശേരിയിലും ചില പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലാണ്. ചാലക്കുടി നഗരസഭയിലും ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമമുണ്ട്. വിവിധ മേഖലകളിൽനിന്ന് ജലക്ഷാമത്തെപ്പറ്റി കടുത്ത പരാതി ഉയരുന്നുണ്ട്. പല ജലസേചന പദ്ധതികളിൽ നിന്നും ലഭിക്കുന്ന വെള്ളം ചെളി കയറി ഉപയോഗശൂന്യമാണെന്ന ആക്ഷേപം പ്രദേശവാസികൾ ഉന്നയിക്കുന്നു.
കാടുകുറ്റി പഞ്ചായത്തിലെ വൈന്തല, വട്ടക്കോട്ട, സമ്പാളൂർ, പാളയം പറമ്പ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ജല പ്രതിസന്ധിയുണ്ടായി. പൈപ്പ് പൊട്ടലാണ് ഇവിടത്തെ ഒരു പ്രശ്നം. നാല് വാർഡുകളിലേക്ക് ജലം എത്തിക്കുന്ന വൈന്തലയിലെ ജലസംഭരണിയിൽ നിന്ന് ചില പ്രദേശങ്ങളിലേക്ക് കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. നാല് ദിവസം വരെ വെള്ളം മുടങ്ങുന്നതായും പറയുന്നു. അവസാനത്തെ ആശ്രയമായി ഇവിടെയുള്ള കുഴൽക്കിണറിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിന് ചെളി നിറമാണെന്ന് പരാതിയുണ്ട്. ആളൂർ പഞ്ചായത്തിന്റെയും ചാലക്കുടി നഗരസഭയുടെയും അതിർത്തി പങ്കിടുന്ന പൊരുന്നക്കുന്ന് മേഖല രൂക്ഷമായ വരൾച്ചയിലാണ്. കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്ന ഇവിടത്തെ പ്രധാന ജലാശയമായ പെരുന്നച്ചിറ വറ്റിയതിനാൽ 20, 21 വാർഡുകളിലെ 600 ഓളം പേർ ദുരിതത്തിലാണ്. എം.എൽ.എയോടും മന്ത്രിയോടും പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ജല അതോറിറ്റിയുടെ പൈപ്പുകളിൽനിന്ന് ചളി നിറഞ്ഞ വെള്ളം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നക്കുന്ന് പ്രദേശവാസികൾ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.