മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നവീകരണത്തിനുള്ള തുക ഉയർത്തി
text_fieldsചാലക്കുടി: മുരിങ്ങൂർ -ഏഴാറ്റുമുഖം റോഡ് നവീകരണത്തിനുള്ള തുക 38.39 കോടി രൂപയായി വർധിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന കിഫ്ബി എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലാണ് തുക വർധിപ്പിക്കാൻ തീരുമാനമായത്. രണ്ടുവർഷത്തോളമായി നടക്കുന്ന നവീകരണം പൂർത്തിയാക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. നവീകരണത്തിൽ ഒരുപാട് അശാസ്ത്രീയതകൾ കടന്നുകൂടിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. പലയിടത്തും റോഡ് പൊളിച്ചിട്ടതിനാൽ മേഖലയിലെ യാത്ര ദുഷ്കരമാണ്. ഇതിനിടയിൽ കരാറുകാരൻ പണി ഉപേക്ഷിച്ച് സ്ഥലം വിട്ടതും ജനങ്ങൾക്ക് തിരിച്ചടിയായി.
വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ, കുടിവെള്ള പൈപ്പുകൾ മാറ്റൽ, ആറ് ശതമാനം ജി.എസ്.ടി വർധന, സാഹചര്യങ്ങൾക്കനുസരിച്ചുള്ള പുതിയ കാനകളുടെയും കൾവർട്ടുകളുടെയും നിർമാണം, റോഡ് സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കൽ, അതിർത്തി കല്ലുകൾ സ്ഥാപിക്കൽ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ഇനങ്ങളെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പുനരാരംഭിക്കാനും റോഡ് അറ്റകുറ്റപ്പണികൾക്കായി നേരത്തേ അനുവദിച്ച 50 ലക്ഷം രൂപയുടെ നിർമാണം ഈ മാസം നടത്താനും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.