ചെയർമാന്റെ നിർദേശം ബസുകാർ പാലിച്ചില്ല; ചാലക്കുടിയിൽ ഗതാഗത പരിഷ്കാരം പാളി
text_fields ചാലക്കുടി: നഗരസഭ ചെയർമാന്റെ ട്രാഫിക് പരിഷ്കരണങ്ങൾ സ്വകാര്യ ബസ് ജീവനക്കാർ തള്ളി, ബസുകൾ പഴയപടി തന്നെ സഞ്ചരിച്ചു. ബസുകൾ നോർത്ത് ബസ് സ്റ്റാൻഡിൽ കയറുകയോ സർവിസ് തുടങ്ങുകയോ ചെയ്തില്ല. മാള ഭാഗത്തുനിന്ന് വരുന്ന ബസുകൾ അടിപ്പാത കടന്ന് ആനമല ജങ്ഷൻ വഴി സൗത്തിലേക്ക് പോകണമെന്ന നിർദേശവും നടപ്പായില്ല. രാവിലെ നഗരസഭ ചെയർമാൻ നോർത്ത് ബസ് സ്റ്റാൻഡിൽ എത്തി അനധികൃത പാർക്കിങ് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും ബസുകൾ കയറാത്തതിനാൽ വീണ്ടും മറ്റ് വാഹനങ്ങൾ അവിടെ തമ്പടിച്ചു. അഞ്ച് ദിവസത്തേക്ക് മാത്രമാണ് താൽക്കാലിക അടിസ്ഥാനത്തിൽ പുതിയ രീതിയിൽ പോകാൻ പറഞ്ഞതെന്നും ചെയർമാൻ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഏർപ്പാടാക്കിയില്ലെന്നും ബസ് ജീവനക്കാർ പറയുന്നു.
സ്വകാര്യബസുകൾക്ക് മാത്രമേ ഗതാഗത പരിഷ്കാരം നടത്തിയിട്ടുള്ളു. മറ്റ് വാഹനങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമല്ലെന്നുമാണ് പുതിയ പരിഷ്കാരത്തിന്റെ പ്രശ്നം നോർത്ത് ബസ് സ്റ്റാൻഡിന് ഇതുവരെയും ആർ.ടി.ഒ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അത് കിട്ടാത്ത ബസ് സ്റ്റാൻഡിൽ കയറാൻ ആവില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. അവിടെ ബസുകൾക്കോ യാത്രക്കാർക്കോ സൗകര്യങ്ങളും ഇല്ല. വരാനും പോകാനും ഒരു വഴിമാത്രമേയുള്ളു.
ആനമല ജങ്ഷൻ വഴി പോകാൻ കഴിയാത്തതിന് കാരണം റോഡിലെ ഗതാഗത കുരുക്കുകളാണ്. ഇതുമൂലം ആർ.ടി.ഒ അനുവദിച്ച സമയത്തിന് സർവിസ് നടത്താനാവില്ല. സമയം വൈകുന്നത് മറ്റ് ബസുകളുമായി തർക്കത്തിനിടയാക്കും. ബീവറേജസിന്റെ ഭാഗത്ത് കുരുക്കുണ്ട്. മാത്രമല്ല നോർത്ത് ജങ്ഷനിൽ ഇരുവശത്തും ബൈക്കുകളടക്കം വാഹനങ്ങളുടെ അനധികൃത പാർക്കിങ് രൂക്ഷമാണ്. കൂടാതെ ഓട്ടോ പാർക്കിങ്ങും. ഇതൊക്കെ മാറ്റിതരാമെന്ന് ചെയർമാൻ പറഞ്ഞിരുന്നു.
എന്നാൽ ഒന്നും ചെയ്തില്ലെന്ന് ബസ് ജീവനക്കാർ കുറ്റപ്പെടുത്തി. അതേസമയം ബസ് ജീവനക്കാരുടെ വാദത്തിൽ കഴമ്പില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് സ്ഥലങ്ങളിൽ ആർ.ടി.ഒ അംഗീകാരം ലഭിച്ച ബസ് സ്റ്റാൻഡുകളിൽ മാത്രമാണോ ബസ് നിർത്തുന്നത്. വഴിയിൽ എവിടെയും ആര് കൈകാണിച്ചാലും നിർത്തുന്ന ബസ് ജീവനക്കാരുടെ നിലപാടാണ് ചാലക്കുടിയിലെ കുരുക്കുകൾക്ക് ഒരുകാരണം. ആർ.ടി.ഒ അംഗീകരിച്ച റോഡിലൂടെ മാത്രമാണോ ഇവർ ബസ്സോടിക്കുന്നതെന്നും അധികൃതർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.