ഡാമുകൾ നിറഞ്ഞില്ല; ആശങ്കയൊഴിഞ്ഞ് ചാലക്കുടിപ്പുഴയോരം
text_fieldsചാലക്കുടി: മേഖലയിൽ കനത്ത മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിലെ ഡാമുകൾ തുറന്നുവിടാനുള്ള ജലനിരപ്പിലേക്ക് ഉയർന്നില്ല. ഇതിെൻറ ആശ്വാസത്തിലാണ് ചാലക്കുടിപ്പുഴയോര നിവാസികൾ. പെയ്ത്തുവെള്ളം മൂലം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അൽപം ഉയർന്നിട്ടുണ്ടെങ്കിലും അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ല. എവിടെയും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുമില്ല. ചാലക്കുടിയിലെ പ്രധാന ഡാമുകളായ പെരിങ്ങൽക്കുത്തിലും ഷോളയാറിലും വെള്ളം അനിയന്ത്രിതമായ രീതിയിൽ ഉയർന്നിട്ടില്ല. 424 മീറ്റർ സംഭരണശേഷിയുള്ള പെരിങ്ങൽക്കുത്താണ് എളുപ്പം നിറയുന്ന ഡാം. ശനിയാഴ്ച 415.15 മീറ്ററാണ് ഇവിടത്തെ ജലനിരപ്പ്. 2663 അടി സംഭരണശേഷിയുള്ള ഷോളയാറിൽ 2611 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അതിനാൽ അടിയന്തരമായി ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല.
അതേസമയം, ചാലക്കുടിപ്പുഴയിൽ ഓരുവെള്ള ഭീഷണി. കണക്കൻകടവ് റെഗുലേറ്ററിന് താഴെ നിർമിച്ച മണൽ ബണ്ട് ശനിയാഴ്ച പുലർച്ച പൊട്ടിയതാണ് ആശങ്കക്ക് കാരണം. റെഗുലേറ്ററിെൻറ ഷട്ടറുകൾ ശരിയല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ പുഴയിലേക്ക് ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണ്. ഇത് പുഴയോരത്തെ കൃഷിയിടങ്ങളിലും മറ്റും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.
മഴക്കാലം തുടങ്ങാറായതിനാൽ ഇനി ബണ്ട് നേരെയാക്കൽ പ്രായോഗികമല്ല. ഉപ്പ് അധികം കയറാതിരിക്കാൻ പുഴയിൽ അടിയന്തരമായി നീരൊഴുക്ക് ഉണ്ടാകണം. അതിനായി പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് നീരൊഴുക്ക് ഉറപ്പ് വരുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.