പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല
text_fieldsപോട്ട ആശ്രമം കവല
ചാലക്കുടി: തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ അടക്കാനുള്ള തീരുമാനം ഇതുവരെയും നടപ്പായില്ല. അടച്ചുകെട്ടുമ്പോൾ ഇതുവഴിയുള്ള ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്ന കാര്യം വരെ ബസുടമകളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്.
ഇതേതുടർന്ന് ദേശീയപാത അതോറിറ്റി അടുത്തദിവസംതന്നെ റോഡ് അടക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, റോഡ് അടച്ചുപൂട്ടുമ്പോൾ പകരം സ്വീകരിക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച ആശങ്കകൾ അധികൃതരിൽ പൂർണമായും ഒഴിവായിട്ടില്ല. അതിനാൽ അടച്ചുപൂട്ടൽ വൈകുകയാണ്.
ആശ്രമം ജങ്ഷനിൽ കാൽനടക്കാർ റോഡ് മുറിച്ച് കടക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. അവിടെ സീബ്രാലൈൻ നിലവിലുണ്ട്. പ്രദേശവാസികളുടെ ആവശ്യം കൂടിയാണത്. അതിനുവേണ്ടി നിശ്ചിത സമയങ്ങളിൽ
സിഗ്നൽ വെച്ച് സൗകര്യം ഏർപ്പെടുത്താൻ സാധിക്കുമോ എന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. എന്നാൽ, ഇത് അപകടങ്ങൾ ആവർത്തിക്കാൻ വഴിയൊരുക്കുമെന്നാണ് അഭിപ്രായം. അടച്ചുപൂട്ടുമ്പോൾ ഇവിടത്തെ സിഗ്നൽ സംവിധാനവും പ്രവർത്തിക്കാതാവും.
കിഴക്കുവശത്തെ സർവിസ് റോഡിൽനിന്നുള്ള വഴി പൂർണമായും അടക്കും. ദേശീയപാത തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കിഴക്ക് ഭാഗത്തെ സർവിസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഈ സാഹചര്യത്തിൽ ഒഴിവാക്കേണ്ടി വരും.
എന്നാൽ, ദേശീയപാതയിലേക്ക് പടിഞ്ഞാറ് വശത്തെ ആശ്രമം കവലയിലൂടെ പ്രവേശിക്കാനുള്ള കവാടം അടക്കേണ്ട ആവശ്യമില്ല. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയണമെന്നാണ് ആവശ്യം. അതല്ലെങ്കിൽ പകരം സർവിസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് പോട്ട അടിപ്പാതയുടെ സമീപത്തെ കവാടത്തിലൂടെ തൃശൂർ ഭാഗത്തേക്ക് പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും.
കാരണം നിലവിൽ ഇതേ കവാടത്തിലൂടെയാണ് ദേശീയപാതയിൽനിന്ന് ഇരിങ്ങാലക്കുട, പോട്ട ഭാഗത്തേക്ക് വാഹനങ്ങൾ ഇതേ സർവിസ് റോഡിൽ പ്രവേശിക്കുക.
ആശ്രമം ഭാഗത്ത് ഇരുഭാഗത്തെയും സർവിസ് റോഡിൽ കാലങ്ങളായി നടത്തുന്ന വാഹനങ്ങളുടെ പാർക്കിങ് പൂർണമായും ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.