കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ
text_fieldsചാലക്കുടി: വേനൽ ശക്തമായതോടെ കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമത്തിലേക്ക്. ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷമായത്. ഇത് പരിഹരിക്കാൻ ചിലയിടങ്ങളിൽ പൊതു കിണറുകളിൽനിന്ന് മോട്ടോർ വഴി പമ്പിങ്ങിന് ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇതുവഴി ലഭിക്കുന്ന ജലം താൽക്കാലിക ശമനത്തിനേ ഉപകരിക്കൂ. ഈ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതി ആവിഷ്കരിച്ച പീലാർമുഴി പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് പരാതി.
പദ്ധതിയുടെ ജലവിതരണ പൈപ്പ് വെട്ടിക്കുഴി കപ്പേള വരെ എത്തി നിൽക്കുകയാണ്. ഇത് ചൂളക്കടവ് വരെ നീട്ടിയാൽ മാത്രമേ ജലക്ഷാമത്തിന് പരിഹാരമാകൂ. പമ്പിങ്ങിന് ആവശ്യമായ ജലത്തിന് പീലാർമുഴിയിലെ ജലാശയത്തിൽ ക്ഷാമമില്ല.
പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമാകേണ്ട ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി, ചായ്പൻകുഴിയുടെ ഇതരഭാഗങ്ങൾ എന്നിവിടങ്ങളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലലഭ്യത പരിഹരിക്കണമെന്നും നിലവിലുള്ള കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും കേരള കോൺഗ്രസ് (എം) കോടശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജലവിഭവ മന്ത്രിക്കും ലിഫ്റ്റ് ഇറിഗേഷൻ ചാലക്കുടി മൈനർ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് ജോർജ് തോമസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡെന്നീസ് കെ. ആന്റണി, പോളി ഡേവീസ്, മെജോ ജോസ്, പ്രിഞ്ചോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.