പറിക്കാൻ പോയത് ആലില; കണ്ടെത്തിയത് കഞ്ചാവ് ചെടി
text_fieldsചാലക്കുടി: കർഷകദിനാചരണത്തിനിടയിൽ പുതിയൊരു തരം കൃഷി കണ്ടെത്തിയത് പഞ്ചായത്ത് അധികൃതർക്ക് തലവേദനയായി. മേലൂർ കല്ലുത്തിപ്പാറയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പഞ്ചായത്തിലെ കർഷക ദിനാചരണ ആഘോഷങ്ങൾക്കുവേണ്ടി ആലില പറിക്കാൻ പോവുന്നതിനിടെ മേലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. മായയും സംഘവുമാണ് കഞ്ചാവ് ചെടി ആദ്യം കണ്ടെത്തിയത്.
അപരിചിതമായ ചെടി കണ്ടതോടെ ഇവർക്ക് സംശയം തോന്നി. തുടർന്ന് അതിെൻറ ഫോട്ടോയെടുത്ത് ഗൂഗിളിൽ പരിശോധിച്ചതിനുശേഷം കഞ്ചാവ് ചെടി തന്നെയാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ചാലക്കുടി എക്സൈസ് സംഘത്തെ വിവരമറിയിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ സി.എ. സാബു, കെ.വി. എൽദോ, ഷാജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി തന്നെയെന്ന് സ്ഥിരീകരിച്ചു. എക്സൈസ് സംഘം കഞ്ചാവ് ചെടി പിഴുതെടുത്ത് കൊണ്ടുപോയി.
ആകസ്മികമായി മുളച്ചു വന്നതാണോ ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന കാര്യത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലുത്തിപ്പാറയുടെ മുകളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. മേലൂർ പഞ്ചായത്ത് സെക്രട്ടറി ഫ്രാൻസിസ്, വാർഡ് അംഗം വിക്ടോറിയ ഡേവിസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.