കാനഡയിൽ യുവതിയുടെ മരണത്തിലെ ദുരൂഹത മാറിയില്ല; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
text_fieldsചാലക്കുടി: കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചാലക്കുടി സ്വദേശി പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണ് (34) കഴിഞ്ഞയാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്ന നടപടികൾക്കായി ബന്ധുക്കൾ കാനഡയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഇതിനായി അവർ അപേക്ഷ നൽകും.
കഴിഞ്ഞ വെള്ളിയാഴ്ച ഡോണയുടെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ശനി, ഞായർ അവധിയായതിനാൽ ബന്ധുക്കൾക്ക് ഇതുവരെ തുടർനടപടി സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം നടന്നതിനാൽ മൃതദേഹം വൈകാതെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ, കേസുമായി ബന്ധപ്പെട്ട് കാനഡയിലെ നിയമപരമായ എന്തെങ്കിലും തടസ്സം ഉണ്ടാകുമോയെന്നത് വ്യക്തമല്ല.
കഴിഞ്ഞയാഴ്ചയാണ് ഡോണ മരിച്ച വിവരം നാട്ടിൽ അറിയുന്നത്. കാനഡയിലെ അവരുടെ വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്ന പൊലീസാണ് യുവതി മരിച്ചത് കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നു.
മരണത്തിന് പിന്നിൽ ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണോയെന്ന് സംശയമുണ്ട്. ഇയാളെ കാനഡ പൊലീസ് അന്വേഷിക്കുകയാണ്. ഇയാളുടെ കാർ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയതായി അറിയുന്നു. കനേഡിയൻ പൗരത്വമുള്ള ഇയാൾ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിലേക്ക് കടന്നോയെന്ന സംശയമുണ്ട്.
നാലുവർഷം മുമ്പാണ് ഡോണ കാനഡയിലേക്ക് പോയത്. പ്രണയത്തെ തുടർന്ന് രണ്ടു വർഷം മുമ്പാണ് ഡോണ അവിടെ തന്നെ ഉദ്യോഗത്തിലുള്ള കുറ്റിച്ചിറ സ്വദേശിയായ കണ്ണമ്പുഴ ലാൽ കെ. പൗലോസിനെ വിവാഹം കഴിച്ചത്.
ഇരുവരും കാനഡയിൽ അക്കൗണ്ടന്റുമാരായിരുന്നു. ഈ മാസം ഡോണയുടെ അമ്മ മകളുടെ സമീപത്തേക്ക് പോകാനിരിക്കെയാണ് ദുരന്ത വാർത്തയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.