പറമ്പിക്കുളം ഡാം തുറന്നേക്കും; ചാലക്കുടി പുഴയോരത്ത് ജാഗ്രത
text_fieldsചാലക്കുടി: ഡാമുകൾ തുറക്കുന്നതിനെ തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പ്രധാനമായും തമിഴ്നാട്ടിലെ പറമ്പിക്കുളം ഡാമാണ് തുറക്കുക. പറമ്പിക്കുളത്തെ ജലനിരപ്പ് 1825 അടിയിലെത്തിയാല്‍ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നുവിടുന്ന വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്കും തുടര്‍ന്ന് ചാലക്കുടി പുഴയിലേക്കുമാണ് ഒഴുകിയെത്തുക. മുകൾത്തട്ടിലെ ഡാമുകളിൽ കുറച്ചുദിവസമായി ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. തമിഴ്നാട് ഷോളയാറിൽ 101.07 ശതമാനവും കേരള ഷോളയാറിൽ 99.63 ശതമാനവും പെരുവാരിപ്പള്ളത്തും തൂണക്കടവിലും 98 ശതമാനവും വെള്ളമുണ്ട്. ഇവ തുറന്നാൽ വെള്ളമെത്തുക പെരിങ്ങൽക്കുത്തിലേക്കാണ്. എന്നാൽ, പറമ്പിക്കുളം മാത്രമേ ഇപ്പോൾ തുറക്കാനിടയുള്ളൂ.
ചാലക്കുടിപ്പുഴയോരത്ത് കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെ തുറക്കും.
ചാലക്കുടി, അതിരപ്പള്ളി പരിയാരം, മേലൂര്‍, കോടശ്ശേരി, ആളൂര്‍, മാള, കാടുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ, കൊരട്ടി, പുത്തന്‍ചിറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്മെൻറ് മുഖേന മുന്നറിയിപ്പ് നല്‍കും. ചാലക്കുടി പുഴയിലെ മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് തോത് ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.