കൂടപ്പുഴ തടയണ അറ്റകുറ്റപ്പണി ഡിസംബറിൽ പൂർത്തിയാക്കും
text_fieldsചാലക്കുടി: പ്രളയത്തിൽ കേടുപാടുണ്ടായ കൂടപ്പുഴ തടയണയുടെ അറ്റകുറ്റപ്പണികൾ ഡിസംബറോടെ പൂർത്തിയാക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചാലക്കുടിയിലെ വിവിധ ഇറിഗേഷൻ വകുപ്പുകളുടെ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചതാണ് ഇക്കാര്യം.
2018ലെ പ്രളയത്തിൽ ചാലക്കുടിപ്പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ ഇടിച്ചാണ് തടയണ തകർന്നത്. കഴിഞ്ഞ രണ്ടു വർഷമായി വേനലിൽ പുഴയിലെ വെള്ളം കുറയുമ്പോൾ ഇതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ ശ്രമിച്ചുവരുന്നുണ്ട്. രണ്ടുതവണയും പണി തുടങ്ങിയപ്പോഴേക്കും മഴപെയ്ത് അപ്രതീക്ഷിതമായി പുഴയിൽ വെള്ളം ഉയർന്ന് പ്രവൃത്തികൾ മുടങ്ങുകയും നിർമാണ സാമഗ്രികൾ ഒഴുകിപ്പോവുകയും ചെയ്തിരുന്നു.
ചാലക്കുടി നിയോജകമണ്ഡലം പരിധിയിലെ കനാലുകളിലൂടെ നവംബർ അവസാനത്തോടെ പൂർണതോതിൽ ജലവിതരണം ആരംഭിക്കാനുള്ള നടപടികൾ ഊർജിതമായി നടപ്പാക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
ഇതിന് മുന്നോടിയായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിക്കും. കനാലുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നവയും നീക്കംചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് എം.എൽ.എ അറിയിച്ചു.
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ലാലി ജോർജ്, പി.വി. സിനി, ജി. ശ്രീരേഖ, സിന്ധു ഉണ്ണി, അസി. എൻജിനീയർമാരായ എം.യു. നിസാർ, വി.പി. മുഹമ്മദ് റമീസ്, കെ.ആർ. ആര്യ, കെ.സി. അംബിക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.