സംസ്ഥാന സർക്കാർ കനിഞ്ഞു; ചാലക്കുടി നഗരസഭ ജപ്തിയിൽനിന്ന് രക്ഷപ്പെട്ടു
text_fieldsചാലക്കുടി: സംസ്ഥാന സർക്കാറിന്റെ അനുകൂല നടപടിയെ തുടർന്ന് കൊച്ചി ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി (സിയാൽ) ലാഭവിഹിതത്തിൽനിന്ന് 28 കോടി രൂപ കോടതിയിൽ അടച്ചതിനാൽ ചാലക്കുടി നഗരസഭ ജപ്തി നടപടിയിൽനിന്ന് രക്ഷപ്പെട്ടു.
സംസ്ഥാന സർക്കാറിന് നൽകാനുള്ള ലാഭവിഹിതമായ 55 കോടി രൂപയിൽനിന്നാണ് സിയാൽ 28 കോടി ചാലക്കുടി നഗരസഭക്ക് വേണ്ടി കോടതിയിൽ അടച്ചത്. വർഷങ്ങൾക്ക് മുമ്പ് ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടി രണ്ടര ഏക്കർ ഭൂമി ഏറ്റെടുത്തതിന്റെ വകയായി രണ്ട് സ്ഥലമുടമകൾക്ക് നഗരസഭ 28 കോടി രൂപ നൽകാനുണ്ടായിരുന്നു.
ഇവർ വിഷയത്തിൽ ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. ഇതിൽ 18 കോടി രൂപയെങ്കിലും ഈ ദിവസങ്ങളിൽ കോടതി നിർദേശിച്ച പ്രകാരം അടച്ചില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് നീങ്ങുമായിരുന്നു. നേരത്തെ ഇരിങ്ങാലക്കുട ആർ.ടി ഓഫിസ്, താലൂക്ക് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ അടക്കമുള്ള ജംഗമവസ്തുക്കൾ ഈ വിഷയത്തിൽ ജപ്തി ചെയ്തിരുന്നു.
ജപ്തി ഒഴിവാക്കാൻ ചാലക്കുടി നഗരസഭ അധികൃതർ കഠിനശ്രമത്തിലായിരുന്നു. കോടതിയിൽ പണം അടക്കാൻ വേണ്ടി സ്വകാര്യ ബാങ്കിൽനിന്ന് 29 കോടി രൂപ കടമെടുക്കാൻ നഗരസഭ തീരുമാനമെടുത്തിരുന്നു.
എന്നാൽ പണം ലഭിക്കാത്തതിനാൽ ജപ്തി നടപടിയിൽനിന്ന് തൽക്കാലം രക്ഷപ്പെടാൻ വേണ്ടി കഴിഞ്ഞ ദിവസം ലഭ്യമായ 70 ലക്ഷം രൂപയുമായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കോടതിയിൽ എത്തിയപ്പോഴാണ് നഗരസഭയുടെ മുഴുവൻ കടബാധ്യതയും സിയാൽ അടച്ചതായി വിവരം അറിഞ്ഞത്. നഗരസഭ കൊണ്ടുവന്ന 70 ലക്ഷം രൂപ കോടതി സ്വീകരിച്ചില്ല. എന്നാൽ ഈ തുക സംസ്ഥാന സർക്കാറിലേക്കുള്ള ബാധ്യതയായി നിൽക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
15 വർഷം മുമ്പാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ ചാലക്കുടി പോസ്റ്റ് ഓഫിസിന് സമീപത്തെ രണ്ടര ഏക്കർ ഭൂമി ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് വേണ്ടി നഗരസഭ ഏറ്റെടുത്തത്. മൂന്ന് കോടി രൂപയാണ് അതിന് അന്ന് മൂല്യമായി നിർണയിച്ചത്. എന്നാൽ പിന്നീട് സ്ഥലമുടമകൾ കോടതിയിൽ പോയതിനെ തുടർന്ന് പുനർമൂല്യനിർണയവും പലിശയും മറ്റുമായി കടം 28 കോടിയായി ഉയരുകയായിരുന്നു. മാറി വന്ന ഭരണ സമിതികൾ കോടികൾ ഈ വകയിൽ നൽകിയിട്ടുണ്ട്.
ഈ സ്ഥലമെടുപ്പിൽ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുള്ളതിനാൽ കോടതി ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ് റവന്യു റിക്കവറി നടക്കുക. ഈ വകയിലാണ് താലൂക്ക് ഓഫിസും ആർ.ടി ഓഫിസും റിക്കവറിക്ക് വിധേയമാകേണ്ടി വരുന്നത്. ഇക്കാര്യത്തിൽ സിയാൽ പണമടച്ചതോടെ നഗരസഭ തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.