കാരക്കുളത്തുനാട്ടിലെ പറയൻതോട് തടയണ അശാസ്ത്രീയ നിർമാണം വിനയായി
text_fieldsചാലക്കുടി: പറയൻതോട്ടിൽ കാരക്കുളത്ത് നാട് പാടശേഖരത്തിൽ നിർമിച്ച അശാസ്ത്രീയമായ തടയണ പരിഷ്കരിച്ച് പണിയണമെന്ന് കർഷകർ. തടയണ വേനലിലും മഴക്കാലത്തും പ്രയോജനപ്പെടാത്ത അവസ്ഥയാണ്. തടയണ കാർഷിക ആവശ്യത്തിനായി അടച്ചാൽ ബണ്ടുകൾ കവിഞ്ഞും പൊട്ടിയൊഴുകിയും കൃഷിയിടത്തിലേക്ക് വെള്ളമൊഴുകി നെൽകൃഷിക്ക് വിനയായി മാറുകയാണെന്നാണ് പാടശേഖരത്തിലെ കർഷകർ പറയുന്നത്. ആശങ്കയോടെയാണ് ഇപ്പോൾ കർഷകർ ഇവിടെ കൃഷിയിറക്കുന്നത്.
കാലങ്ങളായി നെൽകൃഷിയിറക്കുന്ന പാടശേഖരമാണിത്. എന്നാൽ, നഗരത്തിലെ സ്വീവേജ് പ്ലാൻറ് ഇവിടെ നിർമിക്കുമെന്ന തീരുമാനത്തെ തുടർന്ന് കുറച്ചുവർഷങ്ങൾ അത്ര വിപുലമായ നിലയിൽ കൃഷിയിറക്കിയിരുന്നില്ല. എന്നാൽ, നാട്ടുകാരുടെ എതിർപ്പുമൂലം സ്വീവേജ് പ്ലാൻറ് പദ്ധതി നഗരസഭ ഉപേക്ഷിച്ചതോടെ ഈ പാടശേഖരത്തിൽ കൃഷി വീണ്ടും സജീവമാകുകയായിരുന്നു. അതോടെയാണ് പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന പറയൻതോട്ടിൽ ആധുനിക തടയണ നിർമിച്ചത്. കൃഷി ആവശ്യത്തിന് വെള്ളം കെട്ടി നിർത്താൻ നേരത്തേ ഒരു സാധാരണ തടയണ ഉണ്ടായിരുന്നു. എന്നാൽ, അത് മാറ്റി പുതിയ തടയണ കോൺക്രീറ്റിൽ നിർമിക്കുകയായിരുന്നു. തടയണയുടെ ഷട്ടറിന്റെ ഭിത്തികൾ നിർമിച്ചതിലെ അപാകതയാണ് പ്രശ്നമായത്. വളരെ ഇടുങ്ങിയതാണിത്. ഭിത്തികൾക്കിടയിൽ വിടവ് ചെറുതായതിനാൽ തോട്ടിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ ഇവിടെ കെട്ടി നിൽക്കുന്നു. നേരായ മാർഗത്തിലൂടെ ഒഴുകിപ്പോകാതെ വെള്ളംകെട്ടി
ഇരുവശങ്ങളിലെ പാടശേഖരത്തിലേക്ക് ഒഴുകി പോകുകയുമാണ്. ഇതുമൂലം ഞാറുനടുന്ന സമയത്ത് കൃഷി വെള്ളക്കെട്ടിൽ നശിക്കുന്നു. ചിലപ്പോൾ വിളഞ്ഞ നെല്ലിലേക്ക് വെള്ളം കയറി വിളവ് നശിക്കുന്നു. ഇതുപരിഹരിക്കാൻ തടയണ ശാസ്ത്രീയമായി നവീകരിക്കേണ്ടതുണ്ട്. തടയണയുടെ ഷട്ടറിന്റെ അകലം വർധിപ്പിക്കുകയും ഇരുവശത്തുമുള്ള തോടിന്റെ ഭിത്തികൾ ബലപ്പെടുത്തി നിർമിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.