പാറക്കൂട്ടം പാലത്തിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ട് പഴക്കം
text_fieldsചാലക്കുടി: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തെയും ചാലക്കുടിയെയും ബന്ധിപ്പിക്കുന്ന പാറക്കൂട്ടം പാലത്തിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ട് പഴക്കം.
മാള പഞ്ചായത്തിലെ ഗുരുതിപ്പാല പ്രദേശത്തെയും ചാലക്കുടി നഗരസഭയിലെ കോട്ടാറ്റ് പ്രദേശത്തെയും ബന്ധിപ്പിച്ച് പറയൻ തോടിന് കുറുകെ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
പറയൻ തോടിന് കുറുകെയുള്ള തടയണയുടെ മുകളിലൂടെയാണ് നാട്ടുകാർ ഇരുകരയിലേക്കും സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ഇതിലൂടെ കഷ്ടിച്ച് പോകാം. എന്നാൽ മഴയിൽ അപകടകരമായി ജലനിരപ്പ് ഉയർന്ന് വർഷത്തിൽ പലവട്ടം തടയണ മുങ്ങിപ്പോകാറുണ്ട്. ഇതോടെ ഇരുകരകളും ഒറ്റപ്പെടും.
ഇവിടെ പാലം നിർമിച്ചാൽ ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിന്റെ തുടർച്ചയായുള്ള റെയിൽവേ അണ്ടർ പാസേജ്, തോട്ടവീഥി വഴി മാളയിലേക്ക് പോകാൻ കഴിയും. നിലവിലെ ദൂരത്തിൽ നാല് കിലോമീറ്ററെങ്കിലും ലാഭിക്കാനാവും.
പറയൻതോട് പാലത്തിന് ബജറ്റിൽ പലവട്ടം അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി നടപടികൾക്ക് പുരോഗതിയില്ല. പറയൻ തോട്ടിൽ പാലവും 4.8 കി.മി നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കാൻ 35.15 കോടിയുടെ അനുമതി കിഫ്ബിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
അപ്രോച്ച് റോഡ് സ്ഥലമെടുപ്പ് സംബന്ധിച്ച് സർവേയും തീരുമാനവും അന്തിമമായി എടുത്തിട്ടില്ല. അതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പൂർണമായും പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
റോഡിന്റെ ഒരു വശം ചേർന്നുള്ള അളവ് നടപടികൾക്ക് പകരം നിലവിലുള്ള റോഡിന്റെ മധ്യഭാഗത്ത് നിന്ന് ഇരുവശത്തേക്കും അഞ്ച് മീറ്റർ വീതം അളന്ന് തിട്ടപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.