മതിൽ പൊളിച്ചു; റോഡ് വീതികൂട്ടൽ മറന്നു
text_fieldsചാലക്കുടി: റോഡ് വീതി കൂട്ടാൻ നാട്ടുകാരുടെ വേലിയും മതിലും പൊളിച്ചിട്ടു, പക്ഷേ വീതി കൂട്ടൽ മാത്രം നടന്നില്ല. അപകടങ്ങൾ പരിഹരിക്കാൻ പോട്ട സുന്ദരിക്കവല മുതൽ പോട്ട ആശ്രമം വരെയുള്ള ദൂരത്ത് സർവിസ് റോഡ് വീതി കൂട്ടി നിർമിക്കാനാണ് യുദ്ധകാലാടിസ്ഥാനത്തിൽ അത്രയും ദൂരത്തിൽ മതിലുകളും വേലിയും പൊളിച്ചിട്ടത്. ഉടൻ വീതി കൂട്ടുമെന്ന് പറഞ്ഞതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും നീക്കമൊന്നും ഉണ്ടായില്ല.
കലക്ടർ വി.ആർ. കൃഷ്ണതേജയടക്കം സ്ഥലത്തെത്തി നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ വീതികൂട്ടാൻ നടപടിയൊന്നും ഇനിയുമായില്ല. മുന്നോടിയായി വഴിയരികിലെ മരങ്ങൾ പോലും മുറിച്ചിട്ടില്ല. അടിപ്പാത നിർമാണത്തെത്തുടർന്ന് ചാലക്കുടിയിലെ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായാണ് ദേശീയപാതയിൽ സുന്ദരിക്കവലയിൽ കിഴക്കുവശത്തെ സർവിസ് റോഡ് വീതികൂട്ടാൻ തീരുമാനമെടുത്തത്.
പോട്ട സുന്ദരിക്കവല നിരവധി വർഷങ്ങളായി അപകടകേന്ദ്രമായി നിലനിൽക്കുകയായിരുന്നു. പഴയ ദേശീയപാത വന്നുചേരുന്ന ഭാഗത്ത് സർവിസ് റോഡ് ഇല്ലാത്തതിനാലും പോട്ട ആശ്രമം വരെയുള്ള ഭാഗത്ത് വീതി കുറഞ്ഞതിനാലും നിരവധി അപകടങ്ങളും ഗതാഗത സ്തംഭനവും ഉണ്ടാകാറുണ്ട്.
ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും വൺവേ നടപ്പാക്കണമെന്നും ചാലക്കുടി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പോട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ ആശ്രമം സിഗ്നൽ ജങ്ഷനിലൂടെ റോഡ് മുറിച്ചുകടന്ന് കിഴക്കുവശത്തെ സർവിസ് റോഡിലൂടെ പോകണമെന്ന് പൊലീസ് നിർദേശിക്കുകയും റോഡ് ബ്ളോക്ക് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇതുമൂലമുള്ള ഗതാഗതദുരിതം മൂലം റസിഡൻസ് അസോസിയേഷനുകളും പ്രദേശവാസികളും പ്രതിഷേധം ഉയർത്തി. അതിനാൽ നഗരസഭ പൊലീസിന്റെ ബാരിക്കേഡുകൾ മാറ്റുകയും ഇവിടെ മുൻസ്ഥിതി തുടരാനും തൽക്കാലം ഗതാഗത പരിഷ്കാരം ഒഴിവാക്കാനും തീരുമാനമെടുക്കുകയുമായിരുന്നു. ഇതോടെ പൊലീസും നഗരസഭയും ഇരുധ്രുവങ്ങളിലായി.
ഇതിനെത്തുടർന്നാണ് കിഴക്കുവശത്തെ സർവിസ് റോഡ് വീതി കൂട്ടാൻ ധാരണയായത്. റോഡിലേക്ക് കയറ്റി നിർമിച്ച മതിലുകളും വേലികളും അതിനായി പൊളിച്ചു.
ഒരു മാസത്തിനുള്ളിൽ റോഡ് വീതി കൂട്ടുമെന്നാണ് അധികാരികൾ അവകാശപ്പെട്ടത്. അതിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനും തടസ്സമായി നിൽക്കുന്ന തേക്കുമരങ്ങളടക്കം മുറിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അധികാരികളുടെ അനാസ്ഥ മൂലം സുന്ദരിക്കവല അപകടകേന്ദ്രമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.