ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ മോഷണം; നഗരസഭക്കെതിരെ പ്രതിഷേധം
text_fieldsചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലെ ഫയർ ആൻഡ് സേഫ്റ്റിയുടെ 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കാണാതായി. മോഷണവിവരം അറിഞ്ഞിട്ടും നഗരസഭ അധികൃതർ പൊലീസിൽ പരാതി നൽകുകയോ നടപടിയെടുക്കുകയോ ചെയ്യാതെ മൂടിവച്ചതിൽ പ്രതിഷേധം ശക്തമായി. ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ സൂക്ഷിക്കുന്ന അനുബന്ധ മുറികൾ താക്കോലിട്ട് തുറന്ന് സാമഗ്രികൾ എടുത്ത ശേഷം പൂട്ടിവെച്ച നിലയിലാണ്.
കള്ളൻ കപ്പലിൽ തന്നെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നഗരസഭയുമായി ബന്ധപ്പെട്ടവർക്കല്ലാതെ ഇത്രയധികം വാതിലുകളും ബോക്സുകളും താക്കോൽ ഉപയോഗിച്ച് തുറക്കാനാവില്ല എന്നതാണ് നിഗമനം. പിച്ചളയിലും കാസ്റ്റ് അയേണിലും നിർമിച്ചവയാണ് ഈ ഉപകരണങ്ങൾ. 20 ദിവസം മുമ്പ് ഇതിന് തൊട്ടടുത്ത നഗരസഭയുടെ പ്ലാസ്റ്റിക് ശേഖരണശാലയിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അത് അണയ്ക്കാനായി ഉപകരണങ്ങൾ പ്രവർത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവ നഷ്ടപ്പെട്ട വിവരം മനസ്സിലായത്. എന്നാൽ മോഷണവിവരം മൂടിവെച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിജ്ഞാനമുള്ളവർ ഇല്ലാത്തതിനാലാണ് തീയണയ്ക്കാൻ കഴിയാതിരുന്നതെന്ന വാദമാണ് നഗരസഭ അധികൃതർ പുറത്തുവിട്ടത്. മോഷണത്തെകുറിച്ച് പൊലീസിൽ പരാതി നൽകാൻ നഗരസഭ ചെയർമാനോ സെക്രട്ടറിയോ ഇതുവരെ തയാറായിട്ടില്ല.
വിലയേറിയ ഉപകരണങ്ങൾ നഷ്ടപ്പെട്ടത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ഫണ്ടിൽ നിന്ന് 10 കോടി രൂപ ചെലവഴിച്ചാണ് നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞിട്ടും നഗരസഭ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിലും കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
നഗരസഭ ചെയർമാൻ രാജിവെക്കണം -എൽ.ഡി.എഫ്
ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലെ ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്ത ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് രാജി വെക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൽ പരാതി നൽകാത്തത് ഗുരുതരമായ അനാസ്ഥയാണ്. നഗരസഭ ഓഫിസിനു മുൻവശത്ത് നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എം ചാലക്കുടി എരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ കദളിക്കാടൻ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ചെയർമാന്റെ ചേംബറിന് മുന്നിൽ പ്രതിപക്ഷ നഗരസഭ അംഗങ്ങൾ കുത്തിയിരിപ്പ് നടത്തി. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, വി.ജെ. ജോജി, കെ.എസ്. സുനോജ്, ടി.ഡി. എലിസബത്ത്, ഷൈജ സുനിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.