ജനൽ വഴി മോഷണം: ‘പരുന്ത് പ്രാഞ്ചി’ പിടിയിൽ
text_fieldsചാലക്കുടി: കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടിൽ ‘പരുന്ത് പ്രാഞ്ചി’ എന്ന ഫ്രാൻസിസിനെ (56) പൊലീസ് പിടികൂടി. ചാലക്കുടിയിലും പരിസരത്തും ചൂടുമൂലം രാത്രി ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണിയാൾ.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി 136 മോഷണ കേസുകളിൽ പ്രതിയായ ഇയാൾ 14 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജനല്‍ തുറന്നിട്ട് അരികില്‍ കിടന്നുറങ്ങുന്നവരെ നിരീക്ഷിച്ച് ജനലിലൂടെ ആഭരണങ്ങൾ കവരുന്നതാണ് ഇയാളുടെ ശൈലി. ചാലക്കുടി മോസ്കോയിലെ വീട്ടിൽ സമാന രീതിയിൽ മോഷണം നടന്നതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റുമുള്ള അന്വേഷണമാണ് ഫ്രാൻസിസിലേക്കെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് ധാരാളം പണം ധൂർത്തടിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.
എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാൻസിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പാലക്കാട് ജയിലിൽ നിന്ന് മോചിതനായ ശേഷം നാട്ടിലെത്തി വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിന്ന ഫ്രാൻസിസിനെ പൊലീസുകാരും അഭ്യുദയകാംക്ഷികളും സഹായിച്ച് ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരുകയായിരുന്നു. ഇടക്കാലത്ത് ധാരാളം പണം ശീട്ടുകളിയിൽ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ ഷബീബ് റഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സുരേഷ് ബാബു, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ഷാജു കട്ടപ്പുറം എന്നിവരും ഫ്രാൻസിസിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.