പണമുണ്ട്; പണിയാനൊരിടമായില്ല
text_fieldsചാലക്കുടി: ചാലക്കുടി അഗ്നിരക്ഷ നിലയത്തിന് ഇനിയും സ്വന്തമായി ആസ്ഥാനമായില്ല. സംസ്ഥാന ബജറ്റിൽ ചാലക്കുടിയിലെ അഗ്നിരക്ഷ നിലയത്തിന്റെ നിർമാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിട്ടും അഗ്നിരക്ഷനിലയം നിർമിക്കാൻ സ്ഥലം ലഭിച്ചിട്ടില്ല. 35ൽപരം ജീവനക്കാരും ഏഴ് വാഹനങ്ങളും കാലഹരണപ്പെട്ട കെട്ടിടത്തിൽ ശോചനീയമായ അവസ്ഥയിലാണ്.
ചാലക്കുടി സൗത്ത് ജങ്ഷനിൽ പൊലീസ് സ്റ്റേഷൻ റോഡിൽ വർഷങ്ങൾക്ക് മുമ്പാണ് വാടകക്കെട്ടിടത്തിൽ അഗ്നിരക്ഷാ നിലയം താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്.
അന്നുമുതൽ അഗ്നി രക്ഷാനിലയത്തിന് സ്വന്തമായ കെട്ടിടം ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഉചിതമായ സ്ഥലം കണ്ടെത്താനായില്ല. ചാലക്കുടി സബ്ട്രഷറിക്ക് എതിർവശത്ത് പഴയ ഹൈസ്കൂൾ കളിസ്ഥലത്തിന്റെ ഭാഗം അഗ്നിരക്ഷ നിലയം നിർമിക്കാൻ സമീപകാലം വരെ ആലോചന നടന്നിരുന്നു.
എന്നാൽ, ഈ ഭാഗത്ത് കലാഭവൻ മണി സ്മാരകവും ഫോക് ലോർ അക്കാദമി ഉപകേന്ദ്രവും നിർമിക്കാൻ അനുവദിച്ചതോടെ അഗ്നിരക്ഷ നിലയ നിർമാണത്തിന് ആവശ്യമായ വിസ്തൃതി ഇല്ലാതായി.
തുടർന്ന് ക്രിമിറ്റോറിയത്തിന് സമീപം സ്ഥലം അനുവദിക്കാമെന്ന് നഗരസഭ നിർദേശംവെച്ചു. എന്നാൽ, അനുയോജ്യമല്ലാത്തതിനാൽ അഗ്നിരക്ഷ വിഭാഗത്തിന് സ്വീകാര്യമായില്ല. പിന്നീട് പോട്ടയിൽ സർവിസ് റോഡിനോട് ചേർന്ന് മിനിമാർക്കറ്റിന് സമീപത്തെ നഗരസഭ വക സ്ഥലം നൽകാമെന്ന് നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത് ആധാരത്തിൽ കൃഷിയിടമാണെന്നതിനാൽ തടസ്സം ഉയർന്നു. പിന്നീട് റെയിൽവേ സ്റ്റേഷൻ റോഡിൽ ജലസേചന വകുപ്പിന്റെ സ്ഥലം അഗ്നിരക്ഷ നിലയം നിർമിക്കാൻ വിട്ടുകൊടുക്കാമെന്ന നിലപാടിലാണ്. എന്നാൽ, അതിനായുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
അഗ്നിരക്ഷ നിലയത്തിന് എത്രയും വേഗം സ്വന്തമായ സൗകര്യപ്രദമായ കെട്ടിടം ആവശ്യമാണ്. ഇപ്പോഴുള്ള വാടക കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. 35 ജീവനക്കാർ രാത്രിയും പകലും ഇതിനുള്ളിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടി കഴിയുകയാണ്.
കിടന്നുറങ്ങാൻ ആവശ്യമായ സൗകര്യങ്ങളില്ല. ശരിയായ ശുചിമുറി പോലുമില്ല. ഏഴ് വാഹനങ്ങളാണ് ഇവിടെയുള്ളത്. ഇവയിൽ ഭൂരിഭാഗവും വെയിലും മഴയുമേറ്റ് കിടക്കുകയാണ്.
മലക്കപ്പാറ മുതൽ ചാലക്കുടി മേഖലയിലെ അത്യാഹിതങ്ങൾക്ക് പാഞ്ഞെത്തുന്ന ചാലക്കുടി അഗ്നിരക്ഷ നിലയത്തിന് സ്വന്തമായി സൗകര്യങ്ങളുള്ള ഒരു ആസ്ഥാനം നിർമിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.