കൊമ്പൻപാറ തടയണയിൽ ഷട്ടറുകൾ തുറക്കാൻ യന്ത്ര സംവിധാനമില്ല; കർഷകർ വലയുന്നു
text_fieldsപരിയാരം കൊമ്പൻപാറ തടയണ
ചാലക്കുടി: അടിയന്തര ഘട്ടത്തിൽ പരിയാരം കൊമ്പൻപാറ തടയണയുടെ ഷട്ടർ തുറക്കാൻ കാര്യക്ഷമവും ശാസ്ത്രീയവുമായ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം. നിലവിൽ ഷട്ടർ ഉയർത്തുന്നതും താഴ്ത്തുന്നതും മനുഷ്യശേഷി ഉപയോഗിച്ചാണ്. എന്നാൽ കാലാവസ്ഥ വ്യതിയാന സാഹചര്യത്തിൽ പുഴയിൽ പെട്ടെന്ന് വെള്ളം നിറയുമ്പോൾ ഷട്ടർ മാറ്റുക പ്രായോഗികമല്ല. ഇത് കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് സൃഷ്ടിക്കുകയും കൃഷിനാശത്തിന് കാരണമാവുകയും ചെയ്യുന്നു. അതിന് പകരം യന്ത്ര സംവിധാനം പ്രയോജനപ്പെടുത്തണമെന്നാണ് കർഷകർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആവശ്യം.
ഇതു സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാനായി സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പരിയാരം കമ്യൂണിറ്റി ഹാളിൽ യോഗം ചേർന്നു. മേഖലയിലെ കർഷകർ, പുഴയോരവാസികൾ, പരിയാരം, മേലൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചാലക്കുടിപ്പുഴയിൽ പരിയാരം, മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊമ്പൻപാറ തടയണ നിർമിച്ചിട്ട് ഒരു പതിറ്റാണ്ടോളമായി. കർഷകർക്ക് ജലസേചനത്തിന് വെള്ളം ശേഖരിക്കാനും ജല അതോറിറ്റി പമ്പ് ഹൗസുകളുടെ വേനൽക്കാല പ്രവർത്തനം സുഗമമാക്കാനുമാണ് ഇവിടെ തടയണ നിർമിച്ചത്. മേലൂർ, പരിയാരം പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് തടയണ നിർമാണത്തെ തുടർന്ന് ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ട്. ഈയിടെ തടയണയുടെ അറ്റകുറ്റപ്പണികൾ നടത്തുകയുണ്ടായി. തടയണയുടെ ഉയരം കോൺക്രീറ്റ് ചെയ്ത് അൽപം ഉയർത്തിയിട്ടുമുണ്ട്. ഇറിഗേഷൻ വകുപ്പ് തടയണയുടെ അവകാശം മേലൂർ, പരിയാരം പഞ്ചായത്തുകൾക്ക് വിട്ടു നൽകിയിട്ടുണ്ട്. ഷട്ടറുകൾ എപ്പോൾ അടയ്ക്കണം, തുറക്കണം എത് ഈ പഞ്ചായത്തുകളാണ് തീരുമാനിക്കുക.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തടയണയിൽ ഏതാനും വർഷങ്ങളായി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പെട്ടെന്ന് നദിയിൽ വെള്ളം ഉയരുകയും തടയണയുടെ ഷട്ടറുകൾ നീക്കം ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നതാണ് പ്രശ്നം. കഴിഞ്ഞ വേനൽമഴയിൽ തടയണയിലെ ഷട്ടർ യഥാസമയം നീക്കം ചെയ്യാൻ സാധിക്കാതെ വന്നതിനാൽ പരിയാരം കപ്പത്തോട്ടിന് വശത്തെ ഏക്കറുകളോളം കൃഷിയിടങ്ങൾ മുങ്ങിപ്പോയിരുന്നു.
നിരവധി കർഷകർക്ക് ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചത്. കാർഷിക മേഖലയായ പരിയാരം, മേലൂർ പഞ്ചായത്തിലെ കർഷകർ സാമ്പത്തികമായി തകർന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൊമ്പൻപാറ തടയണയുടെ ഷട്ടറുകൾ തുറക്കാൻ ശാസ്ത്രീയമായ സംവിധാനം എത്രയും വേഗം ഉണ്ടാക്കണമെന്നാണ് ഇവരുടെ ന്യായമായ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.