ട്രെയിൻ വരുന്നതുകണ്ട് ചാലക്കുടിപ്പുഴയിൽ ചാടിയവർ രക്ഷപ്പെട്ടു
text_fieldsചാലക്കുടി: ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ പാലത്തിൽനിന്ന് ചാലക്കുടിപ്പുഴയിൽ ചാടി കാണാതായവർ രക്ഷപ്പെട്ടതായി വിവരം. ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ ചാലക്കുടിപ്പുഴയിൽ ഇവർ അപകടത്തിൽപെട്ടെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇവർ പുഴയിൽനിന്ന് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അങ്കമാലി, പെരുമ്പാവൂർ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ഇവരിൽ ഒരാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായി സൂചനയുണ്ട്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായതിനാൽ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. കൂടെയുണ്ടായിരുന്ന മൂന്നുപേരെയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇവർ അന്തർ സംസ്ഥാനക്കാരായ കവർച്ചക്കാരാണെന്ന അഭ്യൂഹമുണ്ട്.
തിങ്കളാഴ്ച പുലർച്ച 1.30ഓടെയാണ് നാലുപേർ പുഴയിൽ ചാടിയത്. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇവർ പുഴയിൽ ചാടുന്നതിന് ദൃക്സാക്ഷിയായത്. ട്രെയിൻ ചാലക്കുടി റെയിൽവേ പാലത്തിലൂടെ കടന്നുപോയപ്പോൾ പാളത്തിലൂടെ നടന്നുവരുകയായിരുന്ന നാലുപേർ പുഴയിൽ ചാടിയതായും ഒരാളെ ട്രെയിൻ തട്ടിയതായും ലോക്കോ പൈലറ്റ് അറിയിക്കുകയായിരുന്നു. ഇവരെ കണ്ടെത്താൻ ചാലക്കുടി പൊലീസിന്റെ നിർദേശപ്രകാരം രണ്ട് സ്കൂബാ ടീമുകൾ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ആരെയും കണ്ടെത്താനായിരുന്നില്ല.
എന്നാൽ, ചാലക്കുടിപ്പുഴയുടെ മറുകരയിലുള്ള മുരിങ്ങൂർ ഡിവൈൻ ഭാഗത്തെ ഓട്ടോക്കാർ പുലർച്ചെ ഇവരെ കണ്ടതായി അറിയിച്ചതോടെ പുഴ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അവസാനിപ്പിച്ചു. അങ്കമാലിയിലേക്ക് എത്തിക്കണമെന്ന ആവശ്യവുമായി നാലുപേർ വന്നതായും ഇവരിൽ ഒരാളെ മറ്റുള്ളവർ ചുമന്നാണ് എത്തിച്ചതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. എന്നാൽ, ഓട്ടോ ഡ്രൈവർക്ക് അസൗകര്യമുള്ളതിനാൽ കൊരട്ടി ജങ്ഷൻവരെ എത്തിക്കുകയായിരുന്നു. ഈ വിവരത്തെ തുടർന്ന് ചാലക്കുടി പൊലീസ് അങ്കമാലി, പെരുമ്പാവൂർ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
അതേസമയം, ചാലക്കുടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്ന അനധികൃത സ്വർണക്കച്ചവടമാണ് സംഭവത്തിനു പിന്നിലെന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട്. നാദാപുരത്തുനിന്ന് എത്തിയ സംഘത്തിന് സ്വർണം കൈമാറാനെന്ന വ്യാജേന എത്തിയ കവർച്ചക്കാരാണ് പുഴയിൽ ചാടിയതെന്നാണ് സംശയിക്കപ്പെടുന്നത്. നാദാപുരത്തുകാരോട് നാലു ലക്ഷം രൂപ വാങ്ങി വ്യാജ സ്വർണം നൽകുകയായിരുന്നുവത്രേ ഇവർ. എന്നാൽ, കൂടെയുണ്ടായിരുന്ന സ്വർണപ്പണിക്കാരൻ ഇത് പരിശോധിച്ച് വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇവർ പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.