കാട്ടാനകൾ നാടുവാഴുന്നു; കൃഷിയിടം വിട്ടോടി നാട്ടുകാർ
text_fieldsചാലക്കുടി: വെട്ടിക്കുഴിയിൽ കാട്ടാനകൾ എത്തുന്ന ഭീതിയിൽ 1000ലേറെ വാഴകൾ കർഷകർ വെട്ടിനീക്കി. വെട്ടിക്കുഴി നോട്ടർഡാം സ്കൂളിന് എതിർവശത്തെ തീതായി ആന്റു, ജോമി, കാവുങ്ങൽ ബെറ്റ്സൻ എന്നിവരുടെ പറമ്പിലെ കുലക്കാറായ വാഴകളാണ് കർഷകർ വെട്ടിക്കളഞ്ഞത്. ഏതാനും ദിവസങ്ങളായി വാഴകൾ തിന്നാൻ കാട്ടാനകൾ വരുന്നുണ്ട്. ഇതുമൂലം വാഴകൾ നശിപ്പിച്ചാൽ കാട്ടാനകൾ എത്തില്ലെന്ന പ്രതീക്ഷയിലാണ് കൃഷി നശിപ്പിക്കുകയെന്ന കടുംകൈ ചെയ്തത്. ആറ് ഏക്കറോളം സ്ഥലത്തെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്ക് വന്നത്. പ്രദേശത്തെ മറ്റ് കർഷകരും അടുത്തദിവസങ്ങളിലായി വാഴകൾ വെട്ടിനീക്കാൻ ഒരുങ്ങുകയാണ്.
വാഴകളിൽ ആകൃഷ്ടരായി എത്തുന്ന ആനകൾ മതിലുകളും വീടിന്റെ ഭാഗങ്ങളും നശിപ്പിക്കുന്നുണ്ട്. കൂടാതെ പലരും കഴിഞ്ഞ രണ്ടുവർഷം മുമ്പ് റബർ തൈകൾ നട്ടിരുന്നു. ആനകൾ എത്തിയാൽ ഇവയെല്ലാം നശിപ്പിക്കും. കൂടാതെ വളർച്ചയെത്തിയ നിരവധി റബർ മരങ്ങളും ഉണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്താൻ തുടങ്ങിയത്. ഒമ്പത് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് ആദ്യം എത്തിയത്. അവ ഒറ്റക്കും സംഘവുമായി തിരിഞ്ഞും പ്രദേശത്ത് നാശം വരുത്തുകയായിരുന്നു.
സമീപത്ത് രണ്ട് മലകൾ ഉണ്ട്. എവിടെ നിന്നാണ് കാട്ടാനകൾ ഇറങ്ങിയെത്തുന്നത് എന്ന് വ്യക്തമല്ല. ചാലക്കുടി ഡി.എഫ്.ഒക്ക് കീഴിലുള്ളതാണ് വനമേഖല. ചായ്പൻകുഴി, കൊന്നക്കുഴി എന്നിങ്ങനെ രണ്ട് ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. എന്നാൽ വനപാലകർ നാട്ടുകാരോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. കാട്ടാനകൾ വരുമ്പോൾ നാട്ടുകാർ വിളിക്കുമ്പോൾ ഒപ്പം നിൽക്കാൻ പോലും വനപാലകർ സന്നദ്ധരാകുന്നില്ലത്രെ. പ്രശ്നം കൈകാര്യം ചെയ്യാൻ പ്രാപ്തരായവർ വനപാലകരിൽ കുറവാണ്. കാട്ടാനകളെ കാണിച്ചുകൊടുത്താൽ അവയെ ഓടിക്കേണ്ടെന്നും അവിടെ നിന്നോട്ടെയെന്നും ഓടിച്ചാൽ അവ മറ്റു പറമ്പുകളിലേക്ക് പോയേക്കാമെന്നാണ് വനപാലകരുടെ നിലപാട്. ഇതോടെ സ്വന്തം പറമ്പിലെ കൃഷി നശിപ്പിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളു. ജീവനും സ്വത്തും സംരക്ഷിക്കാൻ കൃഷി കയ്യൊഴിയാനേ ഇവർക്ക് കഴിയൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.