പദ്ധതികൾ ഏറെ; പക്ഷേ...ചാലക്കുടി നോർത്ത് ജങ്ഷനിൽ കാണുന്നിടത്ത് കാര്യം സാധിക്കാം!
text_fieldsകേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ശുചിത്വത്തിന്റെ പേരിൽ പദ്ധതികൾ പലതുണ്ട്. കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരതിലും അമൃതിലും ഇതിന് വകയിരുത്തിയതായി പറയാറുണ്ട്. സംസ്ഥാന സർക്കാറിന്റെ ‘നഗര വഴിയിടം ടേക്ക് എ ബ്രേക്കും’ സമാനമാണെന്നാണ് അവകാശവാദം. അതിലുപരി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക ബജറ്റിലും ഉൾപ്പെടുത്താനാവും. കംഫർട്ട് സ്റ്റേഷനുകളുടെ സമയാസമയ പരിപാലനവും നവീകരണവും തദ്ദേശ സ്ഥാപന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റികൾ ഗൗരവത്തിൽ എടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ട രീതിയിലാണ് കാര്യങ്ങളുടെ പോക്ക്
ചാലക്കുടി: നഗരം വളരുന്നുണ്ടെങ്കിലും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ചാലക്കുടി ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് പൊതുശൗചാലയ സംവിധാനംതന്നെ.
പ്രധാന കേന്ദ്രങ്ങളിൽ ശൗചാലയത്തിന്റെ അഭാവം, ഉള്ള സ്ഥലങ്ങളിലെ അസൗകര്യം, നടത്തിപ്പുകാരുടെ അനാസ്ഥ... നഗരത്തിൽ വന്നു പോകുന്നവർക്കും കച്ചവടക്കാരും മറ്റു വിവിധ ചെറു സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ പകൽ മുഴുവൻ നഗരത്തിൽ ചെലവഴിക്കേണ്ടി വരുന്നവർക്കും ഇതെല്ലാം ദുരിതമാണ് സമ്മാനിക്കുന്നത്.
ചാലക്കുടിയുടെ ഹൃദയഭാഗമായ നോർത്ത് ജങ്ഷനിൽ പൊതുശൗചാലയം എന്നൊന്നില്ല. അതുകൊണ്ടുതന്നെ പ്രാഥമികാവശ്യങ്ങൾക്ക് ജനം ഏറെ ക്ലേശിക്കുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ ശൗചാലയം ഉണ്ടായിരുന്ന ഓർമ ചിലർക്കുണ്ട്. നഗര വികസനത്തിന്റെ ഭാഗമായി അത് പൊളിച്ചു, പുതിയത് വന്നതുമില്ല.
മാള, കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്, ഇരിങ്ങാലക്കുട, തൃശൂർ ബസ് സ്റ്റോപ്, കൊരട്ടി, മേലൂർ, കാടുകുറ്റി ബസ് സ്റ്റോപ്പുകൾ മൂന്ന് ഭാഗത്തായി ഉള്ള ട്രങ്ക് റോഡ് ജങ്ഷനായ ഇവിടെ ധാരാളം യാത്രക്കാർ ബസ് കാത്തുനിൽക്കും. പ്രധാന ടാക്സി, ഓട്ടോ, ടെമ്പോ സ്റ്റാൻഡുകളും ഇവിടെയാണ്.
നോർത്ത് ജങ്ഷനിൽവെച്ച് ആർക്കെങ്കിലും ശങ്ക തോന്നിയാൽ നാണിക്കാതെ തിരിഞ്ഞുനിന്ന് കാര്യം സാധിക്കുകയേ തരമുള്ളൂ. അതിനുപോലുമില്ല ഒഴിഞ്ഞ മൂലയും മറയും. നഗരത്തിലെ ശൗചാലയങ്ങളിൽ പ്രധാനം സൗത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ 26 ലക്ഷം രൂപ ചെലവിൽ ബി.ഡി. ദേവസി മുൻ എം.എൽ.എയുടെ ആസ്തി ഫണ്ടിൽനിന്ന് നിർമിച്ചതാണ്.
അതിന്റെ പരിപാലനം കുടുംബശ്രീക്കാണ്. ഒരുവിധം നല്ല രീതിയിൽ നടക്കുന്നു. എന്നാൽ, സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതുമൂലം പൈപ്പുകൾ ബ്ലോക്കായി ഇടക്കിടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരാറുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആധുനിക രീതിയിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനുണ്ട്.
സൗത്തിൽ അഗ്നിരക്ഷ നിലയത്തിന്റെ എതിർവശത്തെ കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പ് കാര്യക്ഷമമല്ല. ചാലക്കുടി മാർക്കറ്റിലാണ് മറ്റൊരു കംഫർട്ട് സ്റ്റേഷനുള്ളത്; അവസ്ഥ അതിദയനീയം. സൗകര്യം കുറവാണെന്ന് മാത്രമല്ല, പലപ്പോഴും വെള്ളം ഉണ്ടാവാറില്ല. മാർക്കറ്റിലെ ദുർഗന്ധം കൂട്ടാനുള്ള ഇടം മാത്രമാണിത്. അടിയന്തരമായി പൊളിച്ചുകളഞ്ഞ് പുതിയത് നിർമിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കുറച്ചായി.
മറ്റൊരു പൊതുശൗചാലയം നോർത്ത് ബസ് സ്റ്റാൻഡിലാണ്. നേരത്തേ ട്രാംവേ റോഡിലെ പഴയ ശൗചാലയം റോഡ് വികസനത്തിൽ പോയതോടെ പ്രാഥമികാവശ്യത്തിന് ജനങ്ങൾ ബസ് സ്റ്റാൻഡിലെ ഈ ചെറിയ കംഫർട്ട് സ്റ്റേഷനാണ് ഉപയോഗിക്കുന്നത്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഭാഗത്തും പോട്ട ജങ്ഷനിലും ശൗചാലയങ്ങൾ വേണമെന്ന് ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.