ടി.കെ. ചാത്തുണ്ണി യാത്രയായത് ചാലക്കുടിയിൽ നിലവാരമുള്ള കളിസ്ഥലമെന്ന സ്വപ്നം ബാക്കിയാക്കി
text_fieldsചാലക്കുടി: ചാലക്കുടിയിൽ നിലവാരമുള്ള കളിസ്ഥലം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാണാതെയാണ് നാടിന്റെ പ്രിയപ്പെട്ട ഫുട്ബാൾ താരം ടി.കെ. ചാത്തുണ്ണി യാത്രയാവുന്നത്. ചാത്തുണ്ണി കളിച്ചുവളർന്ന വിശാലമായ ചാലക്കുടി ബോയ്സ് ഹൈസ്കൂൾ കളിസ്ഥലം ദേശീയപാത ബൈപാസിനായി 80കളുടെ തുടക്കത്തിൽ നഷ്ടപ്പെട്ടിരുന്നു.
ഈ സമയം അദ്ദേഹം നാട്ടിലുണ്ടായിരുന്നില്ല. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ ചാത്തുണ്ണി ചാലക്കുടിയിലെ ഫുട്ബാളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പരിശ്രമിച്ചു. ഇതിനായി പഴയ കളിക്കാരെയടക്കം സഹകരിപ്പിച്ച് ഫുട്ബാൾ പരിശീലന ക്യാമ്പുകൾ ആരംഭിച്ചു. നഷ്ടപ്പെട്ട കളിസ്ഥലം വീണ്ടെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. പുതിയ തലമുറയിലെ യുവാക്കൾക്ക് കളിച്ചുവളരാൻ സൗകര്യപ്രദമായ കളിസ്ഥലം വേണമെന്ന ആവശ്യം ചാത്തുണ്ണി ഉയർത്തിപ്പിടിച്ചു.
അതിനായി ജനകീയ പ്രതിഷേധങ്ങൾ നടത്തി. അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ബി.ഡി. ദേവസി എം.എൽ.എയായിരിക്കേ കളിസ്ഥലമുണ്ടാക്കാൻ സഹായകരമായ വിധത്തിലാണ് ബോയ്സ് സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ കെട്ടിടം നിർമിച്ചത്. കളിസ്ഥലവും പവിലിയനുമടക്കം നിർമിക്കാൻ അഞ്ചു കോടി രൂപയിൽപരം അനുവദിക്കുകയും ചെയ്തു. എന്നാൽ, സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് സ്പോർട്സ് കൗൺസിലിനെ ഏൽപിക്കാത്തതിനാൽ കളിസ്ഥലം സ്വപ്നം മാത്രമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.